കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ നെടുംതാരക്ക് സമീപം നില്‍ക്കുന്ന ഉണക്കമരം അപകടഭീഷണിയുയർത്തുന്നു. മരം ഉണങ്ങി ദ്രവിച്ച് ശിഖരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീഴുവാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ചിറ്റാർ തണ്ണിത്തോട് റോഡിൽ യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്കാണ് ഇത് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത്. കാറ്റടിക്കുമ്പോൾ ഉണങ്ങി ഒടിഞ്ഞുവീഴുന്ന ശിഖരങ്ങൾക്കിടയിൽനിന്നും യാത്രക്കാർ അഭുതകരമായാണ് പലപ്പോഴും രക്ഷപെടുന്നത്. രാത്രി യാത്ര ചെയ്യുന്നവരും ഇത് കാരണം ഏറെ ബുദ്ധിമുട്ടിലാണിപ്പോൾ. മാത്രമല്ല വനഭാഗത്ത് റോഡിൽ ഒടിഞ്ഞുവീണു കിടക്കുന്ന ശിഖരങ്ങൾ ശ്രദ്ധയിൽ പെടാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. മരംമുറിച്ച് മാറ്റണമെന്ന് നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നെടുംതാരക്ക് സമീപം കാട്ടാനകൾ ഇറങ്ങുന്നതിനാൽ ആനകൾ മരംതള്ളിയിടുന്നതിനും സാധ്യത കൂടുതലാണ്. കാറ്റും മഴയും ഉള്ള സമയങ്ങളിൽ യാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. മരം എത്രയും വേഗം മുറിച്ച് മാറ്റിയില്ലെങ്കിൽ വലിയ അപകടമാകും യാത്രക്കാരെ കാത്തിരിക്കുന്നത്.