കോന്നി : പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യാത്ത തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ച നിഷേധാത്മക നിലപാടാണ് ലോക് ഡൗൺ കാലത്ത് ഇത്തരത്തിൽ ഒരു പ്രതിഷേധ സമരം നടത്തുന്നതിന് കാരണമായതെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുവാൻ പഞ്ചായത്തിൽ വേണ്ടത്ര സ്ഥലമില്ല. കളക്ഷൻ സെന്റർ സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാത്തതാണ് ഇതിന് കാരണം. 2016 – 17 വർഷത്തിൽ മാലിന്യ സംസ്കരണ പരിപാടിക്കായി പഞ്ചായത്ത് പ്രോജക്ട് തയ്യാറാക്കിയിരുന്നു. ഇതിലേക്ക് ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന് നൽകിയിരുന്നുവെങ്കിലും പദ്ധതി നടപ്പാക്കാതിരുന്നതിനാൽ ഈ തുക നഷ്ടപ്പെട്ടു. തുടർ വർഷങ്ങളിലും പദ്ധതിയിൽ പണം വകയിരുത്തിയെങ്കിലും ഇതും വിനിയോഗിച്ചില്ല. 2019 – 20 വർഷം മാലിന്യ സംസ്കരണം എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ നിർബന്ധിതമാക്കിയതിനെ തുടർന്ന് മാലിന്യ ശേഖരണ സ്ഥലമൊരുക്കുവാൻ ഒൻപത് ലക്ഷം രൂപ വകയിരുത്തി. എന്നാൽ നാളിതുവരെ ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. നിലവിൽ ചന്തയിലെ ഒരു മുറിയിലാണ് മാലിന്യം ശേഖരിക്കുന്നത്. സ്ഥല പരിമിതി മൂലം ഇവിടെ മാലിന്യം ശേഖരിക്കുവാൻ കഴിയുന്നില്ലെന്നാണ് ഹരിത കർമ്മ സേന പരാതിപെടുന്നത്. ഈ മുറിക്ക് പുറത്തും ധാരാളം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൃഷി ഭവൻ, എ ഇ ഓഫീസ്, ലൈബ്രറി, വില്ലേജ് ഓഫീസ്, അംഗൻവാടി എന്നിവയുടെ പ്രവർത്തനത്തേയും ഇത് ബാധിക്കുന്നുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
പ്രതിഷേധ സമരം ഗ്രാമപഞ്ചായത്തംഗം പി കെ ഗോപി ഉത്ഘാടനം ചെയ്തു. സി.പി.എം പെരുനാട് ഏരിയ കമ്മറ്റിയംഗം എൻ ലാലാജി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീജ സുരേഷ്, കെ വി സുബാഷ് , റ്റിജോ തോമസ് എന്നിവര്‍ സംസാരിച്ചു.