പത്തനംതിട്ട : തണ്ണിത്തോട്ടില്‍ ക്വാറന്‍റീനിലായിരിക്കുന്ന പെണ്‍കുട്ടിയുടെ പേരിലെടുത്ത കേസ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. മനുഷ്യ മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളാണ് പോലീസിനെയും ജില്ലാ ഭരണകൂടത്തെയും കൂട്ടുപിടിച്ച് സി.പി.എം ചെയ്യുന്നത്. ദുഷ്ട ലക്ഷ്യത്തോടെ പെണ്‍കുട്ടിയുടെ പേരില്‍ എടുത്ത എഫ്.ഐ.ആര്‍ അടിയന്തിരമായി റദ്ദ് ചെയ്യുവാന്‍ തയ്യാറാകണം. ഇല്ലായെങ്കില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ലോക്ക് ഡൌണ്‍ ലംഘിച്ചുകൊണ്ടുള്ള സമര പരിപാടികള്‍ ആരംഭിക്കുമെന്നും പെണ്‍കുട്ടിയെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കി ഉപദ്രവിക്കുവാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബാബു ജോര്‍ജ്ജ് മുന്നറിയിപ്പു നല്‍കി.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നിച്ചു നീങ്ങാന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകുമ്പോള്‍ സി.പി.എം വ്യാപകമായി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ഈ രംഗത്തെ യോജിപ്പിന് തടസ്സമാകുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡി.സി.സി കഴിഞ്ഞ 21 ദിവസമായി നടത്തിവരുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 3 വരെ തുടരുന്നതായിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.