കോന്നി : തണ്ണിത്തോട്ടിൽ ഇന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ദൃക്സാക്ഷികള്‍ പറഞ്ഞതനുസരിച്ച് കടുവയുടെ ആക്രമണം എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. സ്ഥലത്ത് പതിയിരുന്ന പുലി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇരുചക്രവാഹനവും ആക്രമിച്ചു. തുടര്‍ന്ന് പടക്കം പൊട്ടിച്ചാണ് പുലിയെ വനത്തിലേക്ക് ഓടിച്ചുവിട്ടത്. ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. പുലി ഇനിയും ഇറങ്ങി വരുവാനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഇടുക്കി അടിമാലി കഞ്ഞിക്കുഴി സ്വദേശി വടക്കേൽ വീട്ടിൽ ബിനീഷ് മാത്യു(36) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. തണ്ണിത്തോട് പ്ലാന്റെഷൻ കോർപ്പറേഷൻ സി ഡിവിഷനിൽ റബ്ബർ സ്ലോട്ടർ കരാർ എടുത്ത് ടാപ്പിംഗ് നടത്തി വരുകയായിരുന്നു ബിനീഷ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തണ്ണിത്തോട് പ്ലാന്റെഷൻ കോർപ്പറേഷൻ സി ഡിവിഷനിലെ മേടപ്പാറ പുള്ളിപ്പാറയിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പുലി ഇയാളുടെ മുകളിലേക്ക് ചാടി വീണ് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ടാപ്പിംഗ് നടത്തികൊണ്ടിരുന്ന മറ്റ് തൊഴിലാളികൾ ഓടി വരുമ്പോഴേക്കും പുലിയുടെ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് തൊഴിലാളികൾ ബഹളം വെച്ചതിനെ തുടർന്ന് പുലി ഓടി മറയുകയായിരുന്നു. റബ്ബർ തോട്ടത്തിലൂടെ പുലി ഏറെ ദൂരം ഇയാളെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. സ്ഥലത്ത് വലിച്ചിഴച്ചതിന്റെ പാടുകളും ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ടാപ്പിംഗ് സാമഗ്രികളും ഇവിടെ നിന്ന് കണ്ടെത്തി. ഇടതുഭാഗത്തെ ചെവിക്ക് പുറകിലും കഴുത്തിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ഭാര്യ സിനി കാസർഗോഡ് സ്വദേശിയാണ്. മൂന്ന് വർഷമായി ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട്. പ്ലാന്റെഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്സിലായിരുന്നു താമസം. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്, സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തണ്ണിത്തോട് പോലീസ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് സൈന്റിഫിക് വിദഗ്ധർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.