കോന്നി : ലോക്ഡൌണിൽ മനുഷ്യർ പുറത്തിറങ്ങാതായതോടെ മലയോര മേഖലയിലെ റോഡുകൾ വന്യമൃഗങ്ങൾ താവളമാക്കി. തണ്ണിത്തോട് കോന്നി റോഡിലും കോന്നി കൊക്കാത്തോട് റോഡിലും തണ്ണിത്തോട് ചിറ്റാർ റോഡിലുമാണ് വന്യമൃഗങ്ങൾ ഇറങ്ങുന്നത്. ഈ റോഡുകൾ വനത്തിനുള്ളിൽ കൂടി കടന്നുപോകുന്നതിനാൽ വാഹനങ്ങളുടെ ശബ്ദവും മറ്റും മൃഗങ്ങളെ ഭയപ്പെടുത്തിയതിനാലാകാം ഈ സമയങ്ങളിൽ മൃഗങ്ങൾ പുറത്തിറങ്ങാതിരുന്നത്. എന്നാൽ റോഡിൽ തിരക്ക് കുറഞ്ഞപ്പോൾ വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുകയാണിപ്പോൾ.
റോഡരുകിൽ ചിക്കി ചികയാൻ ഇറങ്ങുന്ന കാട്ടുകോഴികളും കുറവല്ല. പിടകോഴികൾ കാണുവാൻ ഭംഗി കുറവാണെങ്കിലും കാട്ടുപൂവൻകോഴിയുടെ സൌന്ദര്യം ആരേയും ആകർഷിക്കും. മരച്ചില്ലകളിൽ നിന്ന് പതുങ്ങി നോക്കുന്ന മലയണ്ണാനും ഇഷ്ടംപോലെയുണ്ട്. ചൂടിന്റെ കാഠിന്യം കുറയ്ക്കുവാൻ ആറ്റിലെ വെള്ളത്തിൽ ഇറങ്ങി തലകീഴായി മറിയുന്ന കുരങ്ങിൻ കൂട്ടവും കൌതുകകരമാണ്. മയിലുകളും തിരക്ക് കുറഞ്ഞ റോഡിൽ പീലിവിടർത്തി ആടാറുണ്ട്. പകൽ മാത്രല്ല കാട്ടാനയും കാട്ടുപോത്തും അടക്കം രാത്രിയിലും ഇറങ്ങുന്നുണ്ട്. കല്ലാറ്റിൽ വെള്ളം കുടിക്കുവാൻ എത്തുന്ന ഇവ ഏറെ നേരം നദിയിൽ ചിലവഴിക്കാറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും കാട്ടുപോത്തും ആനയുമെല്ലാം റോഡിൽ നിലയുറപ്പിച്ചിരുന്നു.