പത്തനംതിട്ട : ഓമല്ലൂര്‍ തറയില്‍ ഫൈനാന്‍സ് ഉടമ സജി സാം പത്തനംതിട്ട പോലീസില്‍ കീഴടങ്ങി. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് സജി സാമിന്റെ കീഴടങ്ങല്‍ എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ രാജ്യം വിട്ടു പോയിട്ടില്ലെന്നു ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതി പോലീസ് നിരീക്ഷണത്തിലോ നേരത്തെ കസ്റ്റഡിയിലോ ആയിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് രാവിലെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ സജി സാം നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ മുങ്ങിയതിന് പിന്നാലെ അപകടം മണത്ത നിക്ഷേപകര്‍ ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് ഉടമയെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിരുന്നതാണ്. അപ്പോഴും നിക്ഷേപത്തിനുള്ള പലിശ മുടങ്ങാതെ നല്‍കി ബാങ്ക് ഉടമ സജി സാം നിക്ഷേപകരുടെ വിശ്വാസം കാത്തു. പോപ്പുലറിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഏഴു മാസം കൂടി നിക്ഷേപകര്‍ക്ക് പലിശ സജി സാം കൃത്യമായി നല്‍കി. പിന്നെ പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. നിക്ഷേപകര്‍ ഭയന്നതു പോലെ സംഭവിച്ചു. ഒടുവില്‍ ആകെയുണ്ടായിരുന്ന വസ്തു വകകളും വിറ്റ് സജി സാമും കുടുംബവും മുങ്ങുകയായിരുന്നു. പോലീസ് ലുക്ക് ഔട്ട് നോ്ട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെയാണ് കീഴടങ്ങല്‍.
ഇന്നലെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ അഞ്ചെണ്ണം കൂടി രജിസ്റ്റര്‍ ചെയ്തതോടെ തറയില്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ള കേസുകളുടെ എണ്ണം 18 ആയി. നിരവധി പരാതികള്‍ പത്തനംതിട്ട, അടൂര്‍ സ്റ്റേഷനുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. 26.25 ലക്ഷം രൂപയുടെ പരാതികളിന്മേലാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തട്ടിപ്പിന്റെയും തുകയുടെയും വ്യാപ്തി അനുസരിച്ച് അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ഇതിനിടെയാണ് സജി സാം പോലീസിന് മുന്നിലെത്തിയത്.
നിലവില്‍ അന്വേഷണം ലോക്കല്‍ പോലീസ് തന്നെയാവും നടത്തുക. കൊല്ലം ജില്ലയിലെ ശാഖയില്‍ നടന്ന തട്ടിപ്പുകളെ കുറിച്ച് വിവരമില്ല. അവിടെ നിന്നുള്ള പരാതികള്‍ കൂടി പരിഗണിക്കേണ്ടി വരുമ്പോള്‍ അന്വേഷണം പ്രത്യേക ഏജന്‍സിക്ക് കൈമാറേണ്ടി വന്നേക്കുമെന്ന സൂചനയും എസ്‌പി നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ അടുത്ത ബന്ധുവായ സജി തന്റെ ബാങ്കില്‍ നിന്ന് 20 കോടി അവിടെ നിക്ഷേപിച്ചിരുന്നുവെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.
12 ശതമാനം പലിശയ്ക്ക് തറയില്‍ ഫിനാന്‍സ് സ്വീകരിച്ച നിക്ഷേപമാണ് 17 ശതമാനം പലിശയ്ക്ക് സജി പോപ്പുലറില്‍ നിക്ഷേപിച്ചത്. അഞ്ചു ശതമാനം പലിശയാണ് ഈയിനത്തില്‍ ലാഭമായി കിട്ടിയ സജി അതു കൊണ്ടാണ് നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നത്. പോപ്പുലറിന്റെ തകര്‍ച്ചയോടെ തന്റെ നിക്ഷേപകര്‍ക്ക് പലിശ നല്‍കാന്‍ സജി ഏറെ ബുദ്ധിമുട്ടി. മറ്റു മാര്‍ഗങ്ങളില്‍ പണം കണ്ടെത്തി ഏഴു മാസം കൂടി സജി നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതോടെയാണ് പലിശയും മുതലും കൊടുക്കാന്‍ കഴിയാതെ സജി മുങ്ങിയത്.
കാല്‍ ലക്ഷം മുതല്‍ 30 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മകളുടെ വിവാഹത്തിനായി വീടും പറമ്ബും വിറ്റു കിട്ടിയ 35 ലക്ഷം രൂപ പത്തനംതിട്ട സ്വദേശി ഇവിടെ നിക്ഷേപിച്ചിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷം നല്‍കാമെന്ന വാഗ്ദാനം ചെയ്താണ് ഈ പണം വാങ്ങിയത്. ബാങ്ക് പൊട്ടിയ വിവരം അറിഞ്ഞ് നിര്‍ധനനായ പിതാവ് ആത്മഹത്യയുടെ വക്കിലാണ്. മകളെ എങ്ങനെ കെട്ടിച്ചു വിടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഉണ്ടായിരുന്ന കിടപ്പാടം വിറ്റതിനാല്‍ വാടക വീട്ടിലാണ് ഇവര്‍ കഴിയുന്നത്.
ഇതേ പോലെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബാങ്ക് പൊട്ടുമെന്ന് മുന്‍കൂട്ടി മനസിലാക്കി പണം പിന്‍വലിക്കാന്‍ ചെന്നവരോടും അവധി പറയുകയാണ് ഉടമ ചെയ്തത്. വസ്തു വിറ്റ് പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വസ്തുക്കള്‍ രഹസ്യമായി വിറ്റ് പണം വാങ്ങിയാണ് ഇയാള്‍ കുടുംബത്തോടൊപ്പം മുങ്ങിയത്. എന്നാല്‍ പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ കീഴടങ്ങുകയും ചെയ്തു.