കൊച്ചി : പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സജി സാമിന്റെ ഭാര്യയും കേസില്‍ പ്രതിയുമായ റാണി സജിക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ പ്രധാന പ്രതിയായ സജി സാമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. സജി സാമിനെ അറസ്റ്റ് ചെയ്തതോടെ ഭാര്യ റാണി സജി ഒളിവില്‍ പോകുകയായിരുന്നു. പത്തനംതിട്ട ഓമല്ലൂരില്‍ കേന്ദ്ര ഓഫീസുമായാണ് തറയില്‍ ഫിനാന്‍സ് പ്രവര്‍ത്തിച്ചു വന്നത്. പത്തനംതിട്ട, അടൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ ശാഖകളും ഉണ്ടായിരുന്നു. അനുമതിയില്ലാതെയായിരുന്നു തറയില്‍ ഫിനാന്‍സ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നിക്ഷേപകരില്‍ ഏറെയും സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു. അതുകൊണ്ടുതന്നെ പരാതിയുമായി മുമ്പോട്ടുവരുവാന്‍ പലരും മടിച്ചിരുന്നു.
ആകെ 286 പരാതികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍. 243 നിക്ഷേപകര്‍ ഇവിടെ പരാതി നല്‍കിയിട്ടുണ്ട്. അടൂര്‍ – 42, പത്തനാപുരം – 1 എന്നിങ്ങനെയാണ് മറ്റ് പരാതികള്‍. ആകെ 30 കോടി 86 ലക്ഷത്തി 17340 രൂപയുടേതാണ് പരാതികള്‍. സംസ്ഥാന പോലീസ് മേധാവിയുടെ 2021 ഒക്ടോബര്‍ 30 ലെ ഉത്തരവ് പ്രകാരം രൂപീകരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കേസിന്റെ അന്വേഷണം. പോലീസില്‍ കേസ് നല്‍കിയത് കൂടാതെ ചില നിക്ഷേപകര്‍ കേരളാ ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. പോപ്പുലര്‍ തട്ടിപ്പില്‍ നിക്ഷേപകര്‍ക്കുവേണ്ടി വാദിക്കുന്ന ന്യൂട്ടന്‍സ് ലോ അഭിഭാഷക കമ്പിനിയാണ് തറയില്‍ ഫിനാന്‍സ് കേസില്‍ നിക്ഷേപകര്‍ക്കുവേണ്ടി ഹാജരാകുന്നത്. പോപ്പുലര്‍ കേസ് പോലെ അത്ര പ്രമാദമല്ല തറയില്‍ ഫിനാന്‍സ് തട്ടിപ്പെന്നും എന്നാല്‍ രണ്ടുകേസുകളും തമ്മില്‍ ഏറെ പ്രത്യേകതകള്‍ ഉണ്ടെന്നും ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ പറഞ്ഞു.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെയാണ് തറയില്‍ ഫിനാന്‍സ് അടച്ചുപൂട്ടി ഉടമ സജി സാം ഒളിവില്‍ പോയത്. തറയില്‍ ഫിനാന്‍സില്‍ നിക്ഷേപമായി ലഭിച്ച കോടികള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിരുന്നതായി സൂചനയുണ്ട്. പോപ്പുലറില്‍ നിന്നും പലിശ ലഭിക്കാതെ വന്നതോടെ തറയിലെ നിക്ഷേപകര്‍ക്കും പലിശ കിട്ടാതായി. ഇതിനെത്തുടര്‍ന്നാണ് തറയില്‍ ഫിനാന്‍സ് പ്രതിസന്ധിയിലായതെന്ന് പറയുന്നു. ഇത് ശരിവെക്കുന്നതാണ് പിന്നീടുള്ള നടപടികളും. തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സജി സാമിന് അഭിഭാഷകരെ നല്കിയതും പോപ്പുലര്‍ റോയിയാണ്. ഈ രണ്ടുകേസുകളും വാദിക്കുന്നത് ഒരേ അഭിഭാഷകനാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.