കൊച്ചി: പ്രതിപക്ഷനേതാവിന്റെ ഐശ്വര്യ കേരളയാത്രയ്‌ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ രംഗത്ത്. കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും അന്‍വര്‍ പറഞ്ഞു.
ഐശ്വര്യ കേരളയാത്രക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത് ഭരണമാറ്റം വേണമെന്ന സൂചനയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനെ തിരഞ്ഞെടുക്കും. വിജയ സാധ്യതയായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്നും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന പതിവ് ഉണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുക തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച ശേഷം മാത്രമേ ഉണ്ടാകൂ എന്നും അദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് ഇല്ലാതാവുമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസ് മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തെ ഒഴിവാക്കാന്‍ കഴിയില്ല. അതിനാല്‍ കെ.വി തോമസിനേയും തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തി. അതില്‍ അദ്ദേഹം സന്തോഷവാനാണെന്നും താരിക് അന്‍വര്‍ പറഞ്ഞു.
എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പ്രത്യശാസ്ത്രം ഒന്നാണ്. അവര്‍ യുഡിഎഫില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ഒരു പാര്‍ട്ടിക് മാത്രമല്ല ബാധകം. എറണാകുളം ഡിസിസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.