തരൂർ : തരൂർ മണ്ഡലത്തിൽ അഡ്വ. ശാന്തകുമാരിയെ മാറ്റിയതിൽ സി.പി.എം പ്രവർത്തകരിൽ അമർഷം. മണ്ഡലത്തിൽ സുപരിചിതനല്ലാത്ത പി.പി സുമോദിനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നു. എ.കെ ബാലൻ കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു വന്ന തരൂർ മണ്ഡത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കാൻ നീക്കം നടന്നിരുന്നു. ഇത് നടക്കാത്തതോടെയാണ് പി.പി സുമോദിനെ തരൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്ക് തീരുമാനിച്ച പി.പി തരൂരിലേക്ക് മാറ്റി എന്നാണ് ആരോപണം.
മണ്ഡലത്തിലുള്ള മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരിയോ പൊന്നു കുട്ടനോ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. എ.കെ ബാലൻ ഇടപെട്ടാണ് പുതിയമാറ്റങ്ങൾ എന്നാണ് ആരോപണം. നേരത്തെ പാർലമെന്‍റിലേക്ക് മത്സരിച്ച് പരാജയപ്പെട്ട കെ.എ ഷീബയെയാണ് യു.ഡി.എഫ് തരൂരിലെ സ്ഥാനാർഥിയായി പരിഗണിക്കുന്നത്. മണ്ഡലത്തിൽ പുതുമുഖമായ പി.പി സുമോദിനെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഷീബക്ക് കഴിയുമെന്ന് കോൺഗ്രസും കണക്ക് കൂട്ടുന്നു. തരൂരിൽ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ച അഡ്വ. ശാന്തകുമാരി കോങ്ങാട് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. തരൂർ മണ്ഡലത്തിൽ നിന്നുള്ള പൊന്നു കുട്ടനെ പരിഗണിക്കാത്തതിലും ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്.