ന്യൂഡൽഹി : ശശി തരൂരിനെ കോൺഗ്രസിന്‍റെ ഉന്നതാധികാര സമിതിയായ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഈയാഴ്ച തരൂർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ജി23 നേതാക്കൾക്കൊപ്പം നിൽക്കുമ്പോൾ തന്നെ ഗാന്ധി കുടുംബവുമായി ഊഷ്മളമായ ബന്ധം സൂക്ഷിച്ച നേതാവാണ് തരൂർ.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽനിന്ന് ആരും മത്സരിക്കാത്ത സാഹചര്യത്തിൽ തരൂർ തന്നെയാണ് മത്സരിക്കുക എന്നാണ് കരുതപ്പെടുന്നത്. പാർട്ടിയിൽ സമ്പൂർണമായ അഴിച്ചുപണി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ ജി 23 നേതാക്കളുടെ പിന്തുണയാണ് തരൂരിനുള്ളത്. സൽമാൻ സോസ്, സന്ദീപ് ദീക്ഷിത്, മനീഷ് തിവാരി, പൃത്ഥ്വിരാജ് ചവാൻ, ആനന്ദ് ശർമ്മ, അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയ വൻകിട നേതാക്കളുടെ പിന്തുണ തരൂരിനുണ്ട്. നെഹ്‌റു കുടുംബം നിർത്തുന്ന സ്ഥാനാർത്ഥിയെ ആകും കേരളത്തിൽ നിന്നുള്ള നേതാക്കൾ പിന്തുണയ്ക്കുക. കെ. മുരളീധരൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്.