കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ടപകടക്കേസിലെ 30-ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അടൂർ ഏറത്ത് രാജ്‌ഭവനിൽ അനുരാജിനെ(അനു)യാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തുടർ നടപടികൾ തീരുമാനിക്കാൻ മേയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും. ഇയാളെ പിടിക്കാൻ നിർവാഹമില്ലെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനായി വിളംബര നോട്ടീസ് ഏറത്ത് പഞ്ചായത്ത് 12-ാം വാർഡിലെ 457-ാം നമ്പർ വീട്ടിലും സമീപത്തെ വായനശാലയടക്കമുള്ള പൊതുസ്ഥലങ്ങളിലും പതിച്ചിരുന്നു.
ഇയാൾ അറസ്റ്റ് ഭയന്ന് രണ്ടും വർഷം മുൻപ് നാടുവിട്ടെന്നാണു ബന്ധുക്കളിൽനിന്ന് പോലീസിന് കിട്ടിയ വിവരം. ഇയാളുടെപേരിൽ സ്ഥാവര-ജംഗമ വസ്തുവകകൾ ഇല്ലെന്നും റവന്യു അധികൃതർ കോടതിയിൽ അറിയിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് 30 ദിവസത്തെ നോട്ടീസ് നൽകണമെന്നാണു വ്യവസ്ഥ. അതനുസരിച്ചു സമർപ്പിച്ച പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഭിഭാഷക അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി. 2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവൻ നഷ്ടമായ പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്.
ക്ഷേത്രത്തിനു മുന്നിലെ കോൺക്രീറ്റ് കമ്പപ്പുരയിൽ വെടിക്കെട്ട് സാമഗ്രികൾക്ക് തീപിടിച്ചായിരുന്നു അപകടം. എഴുനൂറ്റിയമ്പതോളം പേർക്ക് പരിക്കേറ്റു.ഇതിൽ പലരും അംഗവിഹീനരായി. പരിസരത്തെ മുന്നൂറോളം വീടുകൾക്ക് കേടുപാടുണ്ടായി. മരിച്ചവരിൽ 71 പേരും കൊല്ലം ജില്ലക്കാരാണ്. 59 പേർക്കെതിരേയാണ് കേസെടുത്തത്. ഇതിൽ ഏഴുപേർ ദുരന്തത്തിൽ മരിച്ചു. രണ്ട് പ്രമുഖ കരാറുകാർ പങ്കെടുത്ത മത്സരക്കമ്പമായിരുന്നു പുറ്റിങ്ങലിൽ നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിലെ 59 പ്രതികളിൽ 13 പേർ നടപടികൾക്കിടെ മരിച്ചിരുന്നു.