റാന്നി : മുപ്പതാമത് മാടമൺ ശ്രീനാരായണ കൺവെൻഷന് ഇന്ന് മാടമൺ പമ്പാ മണൽപ്പുറത്ത് തുടക്കം കുറിക്കും. പകൽ 2.30-ന് സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.മണ്ണടി മോഹനൻ കൺവെൻഷൻ നഗറിൽ പതാക ഉയർത്തും. മൂന്നിന് ശ്രീനാരായണധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് പദ്‌മശ്രീ വിശുദ്ധാനന്ദസ്വാമി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴിയിൽ അധ്യക്ഷതവഹിക്കും. ശിവഗിരി ഗുരുധർമ പ്രചാരണസഭ സെക്രട്ടറി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി. യോഗം റാന്നി യൂണിയൻ, പോഷകസംഘടനകൾ, ഗുരുധർമ പ്രചാരണസഭ, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവ ചേർന്നാണ് കൺവെൻഷൻ നടത്തുന്നത്.
കൺവെൻഷൻ ദിവസങ്ങളിൽ രാവിലെ ഏഴിന് ഗുരുഭാഗവത പാരായണം, എട്ടിന് ഗുരുപുഷ്പാഞ്ജലി, 10.30-നും രണ്ടിനും പഠനക്ലാസ്, ഒന്നിന് അന്നദാനം വൈകിട്ട് അഞ്ചിന് ഗുരുപുഷ്പാഞ്ജലി, 6.30-ന് പ്രാർഥന എന്നിവ ഉണ്ടായിരിക്കും. രണ്ടാം ദിവസം രാവിലെ 10.30-ന് കെ.എസ്.ബിബിൻ ഷാനും രണ്ടിന് പ്രൊഫ.മാലൂർ മുരളീധനും മൂന്നാംദിവസം രാവിലെ 10.30-ന് ആശ പ്രദീപും ക്ലാസെടുക്കും. ഏഴിന് പകൽ 1.30-ന് നടക്കുന്ന കലാകേളി സീരിയൽ ആർട്ടിസ്റ്റ് അഖിൽ ആനന്ദ് ഉദ്ഘാടനം ചെയ്യും. നാലാം ദിവസമായ എട്ടിന് രാവിലെ 10-ന് വനിതാ സമ്മേളനം നടക്കും. അഡ്വ.അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്യും. വനിതാ സംഘം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര മോഹൻദാസ് അധ്യക്ഷത വഹിക്കും. 10.30-ന് വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഷീബയും രണ്ടിന് പ്രീതി ലാലും ക്ലാസെടുക്കും. സമാപന ദിവസമായ ഒമ്പതിന് രാവിലെ 10.30-ന് നടക്കുന്ന പഠനക്ലാസ് ബിജു പുളിക്കലേടത്ത് നയിക്കും. 1.30-ന് നൃത്തം, 2.30-ന് സമാപന സമ്മേളനം എന്നിവ നടക്കും. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും. യോഗം കൗൺസിലർ എബിൻ അമ്പാടി അധ്യക്ഷത വഹിക്കും. സംസ്ഥാന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരിക്കും.