പാലക്കാട്: പാലക്കാട് ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് വിറ്റ മൂന്ന് പേർ ആലത്തൂർ പോലീസിന്‍റെ പിടിയിൽ. വടക്കഞ്ചേരി കാരയംകാട് സ്വദേശി ഉമാശങ്കർ (38), എരുമയൂർ സ്വദേശികളായ സന്തോഷ് (32), സതീഷ് (29) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്. ആക്രി കച്ചവടം നടത്തുന്നവരാണ് മൂന്നുപേരും.
കഴിഞ്ഞ തിങ്കളാഴ്ച ആലത്തൂരിന് സമീപം ദേശീയപാത വാനൂരിൽ അപകടത്തിൽപ്പെട്ട ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് ശനിയാഴ്ച പകൽ 10 മണിക്ക് ശേഷം നഷ്ടപ്പെട്ടതായി ആലത്തൂർ പോലീസിൽ പരാതി ലഭിച്ചത്. അപകടത്തിൽപ്പെട്ട ബൈക്കുടമ അഫ്സൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസ് സംബന്ധമായ ആവശ്യത്തിന് വാഹനം നിർത്തിയിട്ട ഭാഗത്തെത്തിയത്. മൂന്ന് പേരെയും ഇന്ന് അറസ്റ്റ് ചെയ്ത് വൈകിട്ട് 5 മണിയോടെ ആലത്തൂർ മജിസ്ട്രറ്റിന് മുൻപിൽ ഹാജരാക്കി. മൂന്ന് പേരെയും റിമാൻഡ് ചെയ്തു.