വെച്ചൂച്ചിറ: റബര്‍തടി മോഷ്ടിച്ച സംഭവത്തിലെ പ്രതികളെ വെച്ചൂച്ചിറ പോലീസ് പിടികൂടി. കൊല്ലമുള ചാത്തന്‍തറ സ്വദേശി തമ്പിയുടെ മകൻ താഹ എന്ന് വിളിക്കുന്ന അജാസ് (35), മണ്ണടിശാല പരുവ മോഹനന്‍റെ മകൻ അച്ചു എന്ന് വിളിക്കുന്ന അഭിജിത് (26) എന്നിവരാണ് അറസ്റ്റിലായത്. ചാത്തന്‍തറ നിരവയിര്‍ കുരുമ്പൻമൂഴി സ്വദേശി റെജി പോളിന്റെ ഏകദേശം 3.5 ടൺ തൂക്കം വരുന്ന റബ്ബർ തടികൾ മുറിച്ചിട്ടിരുന്നതാണ് മോഷ്ടിച്ചു കടത്തിയത്. വിൽക്കാനായി ലോറിയിൽ കയറ്റാൻ വേണ്ടി റോഡരികില്‍ ഇട്ടിരുന്ന തടികളാണ് മോഷണം പോയത്. റെജിയുടെ പരാതിയെ തുടര്‍ന്ന് വെച്ചൂച്ചിറ പോലീസ് കേസെടുത്തു.
റാന്നി ഡിവൈഎസ്പി ബിനുവിന്റെ മേൽനോട്ടത്തിൽ വെച്ചൂച്ചിറ ഇൻസ്‌പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് 12ന് വെളുപ്പിന് മൂന്നരയോടെ ഒരു മാക്സിമോ വാഹനത്തിൽ തടി കടത്തിക്കൊണ്ട് പോകുന്നതായി കണ്ടു. നമ്പർപ്ലേറ്റ് വ്യക്തമല്ലാത്തതിനാൽ വീണ്ടും നിരവധി ക്യാമറകള്‍ പരിശോധിച്ചു വരവേ കൊരട്ടി പാലം കടന്നു വാഹനം പോകുന്നതായി കണ്ടു. പിന്നീട് പാലാ പൊൻകുന്നത്തുള്ള വേയ് ബ്രിഡ്ജിൽ എത്തി അന്വേഷണം നടത്തിയപ്പോള്‍ KL05 എസി 9518 എന്ന മാക്സിമോ വാഹനത്തില്‍ രണ്ടു പ്രതികളും എത്തി തടി അവിടെ വില്‍പ്പന നടത്തിയതായി ബോധ്യമായി. തുടര്‍ന്ന് വാഹന രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ച് അജാസിന്റെ കൈവശമുള്ള വാഹനമാണെന്ന് മനസിലാക്കുകയായിരുന്നു.
അജാസ് നിരവധി കേസുകളിൽ പ്രതിയും എരുമേലി സ്റ്റേഷനിലെ ഐപിസി 307 കേസിൽ വിധി പ്രസ്താവം നടക്കവേ കോടതിയിൽ നിന്നും ഇറങ്ങി ഓടിയ പ്രതിയുമാണ്. പ്രതിയെ തിരിച്ചറിഞ്ഞ ഉടനെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ സായി സേനൻ, ഗ്രേഡ്എസ്.ഐ സുഭാഷ്സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അൻസാരി, സി.പി.ഒമാരായ ശ്യാം, ഷീൻരാജ്, ജോസൺ, ജോസി എന്നിവരടങ്ങിയ സംഘം നിരവ എന്ന സ്ഥലത്ത് വച്ചു സാഹസികമായി അജാസ്സിനെയെയും കൂട്ട് പ്രതി അഭിജിത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികളേയും വാഹനവും കസ്റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ചും നിരവധി ആൾക്കാരെ കണ്ടു ചോദിച്ചും സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിക്കാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.