കൊച്ചി: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഞാറക്കൽ വാലക്കടവ് ഭാഗത്ത് വട്ടത്തറ വീട്ടിൽ പ്രജിത്ത് (മുന്ന 33)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ഞാറയ്ക്കൽ, മുനമ്പം, മട്ടാഞ്ചേരി, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മോഷണം, സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പ്രജിത്ത്.
2024 നവംബറിൽ എളങ്കുന്നപ്പുഴ ഭാഗത്ത് വെച്ച് ജിനോ ജേക്കബ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് ഞാറയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഞാറയ്ക്കൽ പോലീസ് ഇൻസ്പെക്ടർ വി.കെ ശശികുമാർ , സബ് ഇൻസ്പെക്ടർ വി.വി സുനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ജി പ്രീജൻ, എൻ.സി ദീപക്, സിവിൽ പോലീസ് ഓഫീസർ എം.എ യാഷിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.