മുംബൈ: മുംബൈയിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ആറാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു. താനെ മുംബ്ര മേഖലയിലെ സാമ്രാട്ട് നഗറിലെ ബഹുനില കെട്ടിടത്തിൽ നടന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 20 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പീഡനത്തിന് ഇരയായതായും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചതായും സ്ഥിരീകരിച്ചു. താമസ സമുച്ചയത്തിലെ ആറാം നിലയിലുള്ള വീടിന്‍റെ കുളിമുറിയിലെ ജനാലയിലൂടെയാണ് മൃതദേഹം വലിച്ചെറിഞ്ഞത്. മുംബ്രയിലെ താക്കൂർപാഡ പ്രദേശത്ത് താമസിക്കുന്ന പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തി പോലീസ് കേസെടുത്തു.
തൊട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന ഇരയെ കളിപ്പാട്ടങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചായിരുന്നു പ്രതി വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കഴുത്ത് അറുത്തു കുട്ടിയെ വധിച്ചത്. പിന്നീട് വീട്ടിലെ കുളിമുറിയിലേക്ക് കൊണ്ടുപോയി തുറന്ന ജനാലയിലൂടെ മൃതദേഹം തള്ളിയിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത ഫ്ളാറ്റിലെ സ്ത്രീകൾ വലിയ ശബ്ദം കേട്ടാണ് പോലീസിൽ വിവരമറിയിക്കുന്നത്. മുംബ്ര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, അഗ്നിശമന സേനാ സംഘങ്ങൾ, പ്രാദേശിക ദുരന്ത നിവാരണ സെൽ, ഒരു സ്വകാര്യ ആംബുലൻസ് എന്നിവയുൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.