ന്യൂഡല്‍ഹി: കരസേനയുടെ പ്രശസ്തമായ ബൊഫോഴ്‌സ് പീരങ്കികള്‍ കളമൊഴിയാന്‍ പോകുന്നു. 2030 മുതല്‍ തദ്ദേശീയമായി വികസിപ്പിച്ച ധനുഷ് പീരങ്കികളും അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റവും (എടിഎജിഎസ്) ആണ് ബൊഫോഴ്‌സിന് പകരമായി സേനയിലെത്തുക. ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഉയര്‍ന്ന മലനിരകളില്‍ തമ്പടിച്ച പാക് സൈന്യത്തെയും ഭീകരവാദികളെയും തുരത്താന്‍ സൈന്യത്തെ വളരേയേറെ സഹായിച്ച ആയുധമായിരുന്നു ബൊഫോഴ്‌സ് പീരങ്കികള്‍. കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിനുശേഷം ബൊഫോഴ്‌സിനെ ഒഴിവാക്കുന്നത് അതിന്റെ കാലപ്പഴക്കം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ തുടര്‍ന്നാണ്.
മാത്രമല്ല ആവശ്യത്തിന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമല്ലാത്തതും തദ്ദേശീയമായ ആര്‍ട്ടിലറി ഗണ്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചതുമൊക്കെ ബൊഫോഴ്‌സിന് വിടനൽകാനുള്ള കാരണമായി. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ ഏറെ സഹായിച്ചെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏറെനാള്‍ പിടിച്ചുകുലുക്കിയ പേരായിരുന്നു ബൊഫോഴ്‌സ്. ബൊഫോഴ്‌സ് പീരങ്കികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി വിവാദം അന്ന് രാജീവ് ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്രസര്‍ക്കാരിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കി. 1986ലാണ് സ്വീഡിഷ് നിര്‍മിതമായ ബൊഫോഴ്‌സ് പീരങ്കികള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. 400 പീരങ്കികളാണ് അന്ന് വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 1437 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്.
എന്നാല്‍ ഈ ഇടപാടിനായി ബൊഫോഴ്സ് രാഷ്ട്രീയ നേതാക്കള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി ഒരു സ്വീഡിഷ് റേഡിയോ രംഗത്തെത്തുകയായിരുന്നു. 64 കോടി രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നെന്നായിരുന്നു ആരോപണം.അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബൊഫേഴ്സ് അഴിമതിക്കേസില്‍ 1990-ലാണ് സി.ബി.ഐ. കേസെടുത്തത്. ബൊഫേഴ്സ് മേധാവിയായിരുന്ന മാര്‍ട്ടിന്‍ ആര്‍ട്ബോ, ഇടനിലക്കാരനായ വിന്‍ ഛദ്ദ, ഹിന്ദുജ സഹോദരന്മാര്‍ എന്നിവര്‍ക്കെതിരേയായിരുന്നു കേസ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സി.ബി.ഐ. കേസെടുത്തത്.
1999-ലാണ് ഈ കേസില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. ഇറ്റാലിയന്‍ വ്യവസായിയും ബൊഫേഴ്സ് ഇടപാടിലെ ഇടനിലക്കാരനുമായ ഒട്ടാവിയോ ക്വത്റോച്ചി, മുന്‍ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്ട്നഗര്‍, ആര്‍ട്ബോ, ബൊഫോഴ്സ് കമ്പനി എന്നിവരെ പ്രതികളാക്കിയായിരുന്നു ആദ്യത്തെ കുറ്റപത്രം. 2000-ത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹിന്ദുജ സഹോദരന്മാര്‍ക്കെതിരേ അനുബന്ധ കുറ്റപത്രവും സി.ബി.ഐ. സമര്‍പ്പിച്ചു. അന്ന് വാങ്ങിയ ബൊഫോഴ്‌സ് പീരങ്കികളില്‍ 200 എണ്ണം മാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. നിലവില്‍ ഇവയുടെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണ്. അത്യാധുനിക ആര്‍ട്ടിലറി ഗണ്‍ സംവിധാനങ്ങളാണ് ഇന്ന് മിക്ക രാജ്യങ്ങളുടെയും പക്കലുള്ളത്.
ഈ സാഹചര്യത്തില്‍ ബൊഫോഴ്‌സിന് പകരം തദ്ദേശീയമായി രണ്ട് ആര്‍ട്ടിലറി ഗണ്ണുകൾ ഇന്ത്യ വികസിപ്പിച്ചത്. ഇതാണ് ധനുഷ്, എടിഎജിഎസ് എന്നിവ.മുമ്പ് ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്വിപ്‌മെന്റ് ഇന്ത്യാ ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയാണ് ധനുഷ് വികസിപ്പിച്ചത്. ബൊഫോഴ്‌സിന്റെ കാലിബര്‍ 155എംഎം/ 39 ആയിരുന്നെങ്കില്‍ ധനുഷ് ന്റേത് 155എംഎം/ 45 കാലിബര്‍ ആര്‍ടിലറി ഗണ്‍ ആണ്. ബൊഫോഴ്‌സ് പീരങ്കിയുടെ ബ്ലൂപ്രിന്റിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചതാണ് ധനുഷ്. 38 കിലോമീറ്ററാണ് ധനുഷിന്റെ പ്രഹരപരിധി. മാത്രമല്ല ബൊഫോഴ്‌സിനെ അപേക്ഷിച്ച് നോക്കിയാല്‍ ആധുനിക ഫയര്‍ കണ്‍ട്രോള്‍ സംവിധാനമാണ് ധനുഷിനുള്ളത്.
പ്രകടനത്തിലും മുന്‍ഗാമിയേക്കാള്‍ മികവ് തെളിയിച്ചു. നിലവില്‍ സൈന്യത്തിന്റെ കൈവശം വളരെ കുറച്ച് ധനുഷ് പീരങ്കികള്‍ മാത്രമേയുള്ളൂ. ഇതിന്റെ എണ്ണം വര്‍ധിപ്പിച്ച് വിവിധ റെജിമെന്റുകളിലായി വിന്യസിക്കാനാണ് പദ്ധതി.ഡിആര്‍ഡിഒയും സ്വകാര്യ സ്ഥാപനമായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം, ഫാരത് ഫോര്‍ജ് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ് അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം( എടിഎജിഎസ്). പീരങ്കി ഷെല്ലുകള്‍ നിറയ്ക്കുന്നതിന് മനുഷ്യ ആധ്വാനം ആവശ്യമില്ല. ഡിജിറ്റല്‍ ഫയര്‍ കണ്‍ട്രോള്‍, 48 കിലോമീറ്റര്‍ പ്രഹര പരിധി എന്നീ പ്രത്യേകതകളുള്ള എടിഎജിഎസ് 155എംഎം/52 കാലിബര്‍ ആര്‍ട്ടിലറി ഗണ്‍ സിസ്റ്റമാണ്. മാത്രമല്ല ലോകത്തെ ഏറ്റവും മികച്ച ആര്‍ട്ടിലറി ഗണ്ണുകളില്‍ ഒന്നുകൂടിയാണ് നമ്മുടെ സ്വന്തം എടിഎജിഎസ്. കരസേനയ്ക്ക് വേണ്ടി 1500 എടിഎജിഎസുകളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തമാകാനുള്ള ഇന്ത്യയുടെ ദീര്‍ഘകാല ശ്രമത്തിന്റെ പ്രതിഫലനമാണ് ധനുഷും എടിഎജിഎസും.