തിരുവനന്തപുരം: മലയോര ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം പുറമ്പോക്കാണെന്ന് അധികൃതരും സ്വകാര്യ സ്ഥലമാണെന്ന് വീട്ടമ്മയും വാദിക്കുന്ന സാഹചര്യത്തിൽ റവന്യു രേഖകളും പരാതിക്കാരിയുടെ വസ്തുവിന്റെ സ്കെച്ചും പരിശോധിച്ച് താലൂക്ക് സർവേയർ അതിർത്തി നിർണയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മനുഷ്യാവകാശ കമ്മീഷനിൽ പാറശാല ചെറിയകൊല്ല സ്വദേശിനിയായ സ്ത്രീ നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് അവകാശപ്പെട്ട ഭൂമിയിൽ മതിൽ നിർമ്മിക്കാൻ അവർക്ക് അവകാശമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. അതിർത്തി നിർണയിക്കാൻ പരാതിക്കാരി താലൂക്ക് സർവേയർക്ക് അപേക്ഷ നൽകണം. താലൂക്ക് സർവേയർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പരാതിക്കാരിക്കും നോട്ടീസ് നൽകി സ്ഥലപരിശോധന നടത്തണം. അപേക്ഷ ലഭിച്ച് ആറ് ആഴ്ച്ചക്കകം നടപടി പൂർത്തിയാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
പാറശാല മുതൽ കുടപ്പനമൂട് വരെയുള്ള സ്ഥലമാണ് നിർദ്ദിഷ്ട മലയോര ഹൈവേ വികസനത്തിനായി ഏറ്റെടുത്തതെന്നും പരാതിക്കാരിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്ന് കണ്ടെത്തിയതായും കേരള റോഡ് ഫണ്ട് ബോർഡ് കമ്മീഷനെ അറിയിച്ചു. എങ്കിലും പരാതിക്കാരിയുടെ താമസത്തിന് ബുദ്ധിമുട്ട് വരാതെ വീട് നിലനിർത്തിയാണ് സ്ഥലം ഏറ്റെടുത്തതെന്നാണ് റോഡ് ഫണ്ട് ബോർഡ് അവകാശപ്പെടുന്നത്. റോഡിനായി സൗജന്യമായി ഭൂമി വിട്ട് നൽകിയവർക്ക് മാത്രമാണ് മതിൽ നിർമ്മിച്ച് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.