റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്തിലെ വലിയകാവ് വാർഡിലെ ആരോഗ്യ സുരക്ഷ പദ്ധതിക്ക് തുടക്കമായി. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി തുടർ മെഡിക്കൽ ക്യാമ്പുകൾ ബോധവത്കരണ ക്ളാസുകൾ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 80 വയസ് പൂർത്തിയാക്കിയ വയോജനങ്ങൾക്കായി ”ഒപ്പമുണ്ടമ്മേ നമ്മളും കൂടെ” എന്ന പദ്ധതിക്കും ഇതോടെ തുടക്കമായി.
പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവരുടെ മാനസിക സന്തോഷവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതാണ് ആരോഗ്യ സുരക്ഷ പദ്ധതി. അങ്ങാടി ഗ്രാമ പഞ്ചായത്തംഗം ബിച്ചു ആൻഡ്രൂസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വടശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ് വലിയകാവ് അജയ് ഹാച്ച്വറി മാനേജിംഗ് ഡയറക്ടർ പി.വി.ജയൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം എം.എസ് സുജ, അങ്ങാടി ഗ്രാമ പഞ്ചായത്തംഗം പി.എസ് സതീഷ് കുമാര്‍, ജെവിൻ കാവുങ്കൽ, ടി.ആർ.സുരേഷ്, ആഷിഷ് കുരുവിള, ഇ.ടി. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.