കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള നടപ്പാലം പാലം അപകടാവസ്ഥയിൽ. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുമ്പ് പാലം തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. അഞ്ചോളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമാണ് ഈ പാലം. നടപ്പാലം ഇല്ലാതായാല്‍ തോട് കുറുകെ കടക്കുവാനും ഇവര്‍ക്ക് സാധിക്കില്ല. പാലം സ്ഥാപിച്ചിരിക്കുന്ന തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൂണുകളുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോവുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനസംരക്ഷണ സമിതിയില്‍ നിന്നാണ് പാലം അനുവദിച്ചത്. അന്ന് തൊട്ട് ഇന്ന് വരെ പാലത്തിന് അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. പാലത്തിന്റെ ചവിട്ടുപടികള്‍ തുരുമ്പെടുത്ത് കൈകള്‍ കൊണ്ട് ഇളക്കി മാറ്റാന്‍ പറ്റുന്ന സ്ഥിതിയിലാണുള്ളത്. നിര്‍ധനരായ ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് വാഹനം കടന്നുവരുന്നതിനും സൗകര്യമില്ല. അടിയന്തിരമായി പാലം പുതുക്കി പണിയണമെന്നാണ് ഇവരുടെ ആവശ്യം.