പാലക്കാട്: നാഷണൽ പെർമിറ്റ് നേടി കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യജായി സർവീസ് നടത്തുന്നത് സംസ്ഥാന സർക്കാർ തടയരുതെന്ന് ബസ് ഓപ്പറേറ്റേഴ്സ് സംഘടന. കേന്ദ്ര സർക്കാരിന്‍റെ വിജ്ഞാപനം നടപ്പിലാക്കാൻ വിമുഖത കാണിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. പുതിയ വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നത് തടയുമെന്ന് നേരത്തെ ഗതാഗത മന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ വിജ്ഞാപനം മുൻനിർത്തി ഓൾ ഇന്ത്യ പെർമിറ്റ് നേടി അന്തർസംസ്ഥാന സർവീസുകൾ നടത്താനാണ് സ്വകാര്യ ബസുകളുടെ നീക്കം. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾക്ക് സംസ്ഥാനത്ത് നികുതി അടച്ചാൽ ഏതു പാതയിലൂടെ വേണമെങ്കിലും പെർമിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്.
എന്നാൽ പുതിയ വിജ്ഞാപനം ഉടമകൾ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളുടെ സർവീസിനെ ബാധിക്കുമെന്നതാണ് പ്രധാന വാദം. നേരത്തെ കെ.എസ്.ആര്‍.ടി.സിക്ക് അനുകൂലമായി ദീർഘദൂര പാതകളിൽ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കുകയും ഓർഡിനറി ബസുകളുടെ പരമാവധി യാത്രാ ദൂരം 140 കിലോമീറ്ററായി ചുരുക്കുകയും ചെയ്തിരുന്നു. ഈ പരിമിതിയെ മറികടക്കാനും സ്വകാര്യ ബസ് ഉടമകൾക്ക് പുതിയ നിയമം സഹായമാകും. ഇതോടെയാണ് സംസ്ഥാന സർക്കാരിന്‍റെ എതിർപ്പിനെതിരെ ഇവർ പ്രതിഷേധം ഉയർത്തുന്നത്.