എറണാകുളം: ഇടപ്പള്ളി ടോളിൽ സ്വകാര്യബസ് തടഞ്ഞ് കാർ ഡ്രൈവറായ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ല് യുവാവ് കല്ലുകൊണ്ട് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ ബസ് ജീവനക്കാർ കാറിന്റെ ചില്ലും അടിച്ചു തകർത്തു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും കയ്യേറ്റവും നടന്നു. പോലീസ് എത്തിയതിന് ശേഷമാണ് പ്രശ്‌നം അവസാനിച്ചത്.സംഭവത്തിൽ ഇരു വിഭാഗത്തിനും പരിക്കേറ്റിരുന്നു. കാർ ഡ്രൈവർ കലൂർ കറുകപ്പിള്ളി വൈക്കത്തുശേരി സെബാസ്റ്റ്യൻ, ബസ് ജീവനക്കാരായ വാരാപ്പുഴ വിരുത്തിക്കണ്ടം ജിനുഷാജി, കുഴിവേലിപ്പടി കാവിൽ പറമ്പിൽ കെ എസ് സുധീർ, എടത്തല വലിയപറമ്പിൽ അൻസാരി എന്നിവരെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.10-നായിരുന്നു സംഭവം.
എറണാകുളം-പൂക്കാട്ടുപടി റൂട്ടിലോടുന്ന ഇമ്രാൻ ബസിന് നേരെയാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്. യുവാവിന് കടന്നുപോകുവാൻ സൗകര്യമൊരുക്കിയില്ലെന്ന് പറഞ്ഞാണ് ബസ് തടഞ്ഞതും അക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇരുവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.