പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സിബിഐയ്ക്ക് കൈമാറാൻ താമസിക്കുന്നത് സംബന്ധിച്ച് നിക്ഷേപകർ ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ ഇന്നും തീരുമാനമായില്ല.
കേസ് സിബിഐയ്ക്ക് കൈമാറാൻ താമസിക്കുന്നത് സംബന്ധിച്ചുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണനക്കെടുത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് സി.ബി.ഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. തുടര്‍ന്ന് സി.ബി.ഐയുടെ അന്തിമ തീരുമാനം ആരായാന്‍ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ന് വീണ്ടും കേസ് പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വാദമുഖങ്ങൾ കേട്ടു. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിറ്റർ ജനറൽ ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി ജനറലും കോടതിയില്‍ നേരിട്ട് ഹാജരായി. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ പഴിചാരുന്ന വാദമുഖങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. കേരളം ശരിയായ വിധത്തിലുള്ള ഫോർമാറ്റിൽ അല്ല ശുപാർശ നൽകിയത് എന്ന് ഹൈക്കോടതിയിൽ കേന്ദ്രം അറിയിച്ചു. വീണ്ടും ശരിയായ ഫോർമാറ്റിൽ നൽകിയാൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന വാദമുഖങ്ങൾ സംസ്ഥാനവും കോടതിയിൽ ഉന്നയിച്ചു.
ഇരു കൂട്ടരുടെയും വാദമുഖങ്ങൾ ശ്രവിച്ച ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ കേസിൽ പരസ്പരം പഴിചാരുന്ന കേന്ദ്രത്തെയും സംസ്ഥാനത്തെയും വിമർശിച്ചു. തുടർന്ന് കേസ് അടുത്ത തിങ്കളാഴ്ച വിധി പറയാനായി മാറ്റി വെച്ചു. നിക്ഷേപകര്‍ക്കുവേണ്ടി നിരവധി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. കേസിൽ വിധി പറയുന്ന ദിവസമായ അടുത്ത തിങ്കളാഴ്ച ഹൈക്കോടതി നിർണായക തീരുമാനമെടുക്കുമെന്നാണ് സൂചനകൾ. കേസ് നേരിട്ട് ഏറ്റെടുക്കാൻ സിബിഐ ഹൈക്കോടതിക്ക് നിർദ്ദേശം നൽകാൻ സാധ്യത ഉണ്ടെന്നാണ് സൂചന.