പുത്തൂർ : പാലം നിർമാണത്തിന്റെ കാര്യത്തിൽ ഇടത് സർക്കാർ സെഞ്ചുറിയിലേക്ക് കുതിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ള താഴത്തുകുളക്കട മണ്ണടി ഗ്രാമങ്ങളെ ബന്ധിപ്പിച്ച് കല്ലടയാറിനുകുറുകേ നിർമിച്ച പാലം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുവർഷംകൊണ്ട് നിർമിച്ച 93-ാമത്തെ പാലമാണ് ചെട്ടിയാരഴികത്തുകടവിലേത്. അഞ്ചുവർഷമാകുമ്പോഴേക്കും ഇതിന്റെ സംഖ്യ വളരെ ഉയരും. റോഡുകളുടെ നിർമാണത്തിലും പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും സംസ്ഥാന സർക്കാർ ഇതിനകംതന്നെ വളരെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. തുടർ വർഷങ്ങളിൽ ഇത് കൂടുതൽ ശക്തിയോടെ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.