തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നിലവിലുള്ള എകെജി സെന്‍ററിന്റെ എതിർവശത്ത് 31 സെന്റിലാണ് പുതിയ എകെജി സെന്റർ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്. സംസ്ഥാനത്തെ സിപിഎമ്മിന്‍റെ മുഖമാണ് എകെജി സെന്‍റര്‍. അതിനാൽ പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി, കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, എൽഡിഎഫ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി ഓഫീസ്, ഹാളുകൾ, സെക്രട്ടറിയേറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടറിയേറ്റ്, പിബി അംഗങ്ങൾക്കുള്ള ഓഫീസ് സൗകര്യങ്ങൾ, താമസസൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. രണ്ടു ഭൂഗർഭ പാർക്കിംഗ് നിലകളും പുതിയ ആസ്ഥാനമന്ദിരത്തിൽ നിർമ്മിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നടത്തിയെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എകെജി സെന്‍ററിലെ ഹാളിലാണ്. പുതിയ ഓഫീസിലേക്ക് പ്രവർത്തനം പൂർണതോതിൽ മാറാൻ സമയമെടുക്കും എന്നാണ് നേതാക്കൾ പറയുന്നത്. പുതിയ ഓഫീസിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കും.