തിരുവനന്തപുരം : വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം തിരുവനന്തപുരം ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട കർഷകർക്ക് കൃഷി അനുബന്ധ മേഖലകളിൽ സുസ്ഥിരമായ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിലേക്ക് വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ, കാട്ടാക്കട ബ്ലോക്കുകളിൽ നിന്നായി 100 ഓളം പട്ടിക വിഭാഗത്തിൽപ്പെട്ട കർഷകർ പങ്കെടുത്തു.
മിത്രനികേതൻ ജോയിൻ ഡയറക്ടർ ഡോ.രഘു രാംദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ വി കെയിലെ കാർഷിക എൻജിനീയർ ചിത്രാ ജി സ്വാഗതം ആശംസിച്ചു. കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വീണ എസ് എസ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത പരിപാടിയിൽ കാട്ടാക്കട പഞ്ചായത്തിലെ മികച്ച കർഷകയായി തെരഞ്ഞെടുക്കപ്പെട്ട ഭായി. എസ്, കിളിമാനൂർ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സംരംഭകൻ ലിജു ടി എന്നിവരെ ആദരിച്ചു. തുടർന്ന് കെ വി കെ യിലെ ശാസ്ത്രജ്ഞരായ മഞ്ജു തോമസ്, ബിന്ദു ആർ മാത്യൂസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് പച്ചക്കറി വിത്ത്, ജൈവവളങ്ങൾ, ജൈവ കീടരോഗ ഉപാധികൾ മുതലായവ കെ വി കെയിൽ നിന്നും ലഭ്യമാക്കി.