കൊച്ചി : നടി മഞ്ജു വാര്യരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചു. സനല്‍കുമാര്‍ ശശിധരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊച്ചി സിറ്റി പോലീസ് കമീഷണര്‍ പറഞ്ഞു. തിരുവനന്തപുരം പാറശാലയിലെ ബന്ധു വീട്ടില്‍ നിന്നാണ് സനല്‍കുമാര്‍ ശശിധരനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കൊച്ചിയില്‍ എളമക്കര പോലീസ് സ്റ്റേഷനില്‍ തുടരുകയാണ്.
ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാന്‍ പോലീസ് തയ്യാറായെങ്കിലും ജാമ്യത്തില്‍ പോകാന്‍ സനല്‍ കുമാര്‍ ശശിധരന്‍ വിസമ്മതിച്ചു. കോടതിയില്‍ ഹാജരാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. മഞ്ജു വാരിയരെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പോലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.