മലപ്പുറം : തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന സിപിഎം നേതാവ് അഡ്വ. കെ. അനിൽകുമാറിന്‍റെ പ്രസ്താവന തള്ളി മുൻ മന്ത്രി കെടി ജലീൽ. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ലെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. തട്ടമിടാത്തത് പുരോഗമനത്തിന്‍റെ അടയാളമേ അല്ലെന്ന് കെടി ജലീൽ പറഞ്ഞു.
ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്ലിംലീഗിന്‍റെ നിലാപാടല്ലാത്തത് പോലെ മന്ത്രി വീണാ ജോർജിനെതിരെ കെ.എം ഷാജി ഉപയോഗിച്ച സംസ്കാരശൂന്യ വാക്കുകൾ ലീഗിന്‍റെ നയമല്ലാത്തത് പോലെ അഡ്വ: അനിൽകുമാറിന്‍റെ അഭിപ്രായം സി.പി.ഐ എമ്മിൻ്റേതുമല്ലെന്ന് തിരിച്ചറിയാൻ വിവേകമുള്ളവർക്കാവണമെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് ’23- നാസ്തിക സമ്മേളനത്തിലാണ് അനിൽകുമാറിന്‍റെ വിവാദ പരാമർശം.