കോട്ടയം : മാമ്പഴ മോഷ്ടാവായ സിവിൽ പോലീസ് ഓഫീസർ പി.വി ഷിഹാബിനെതിരെ പരാതി ഒതുതീര്‍പ്പില്‍. കച്ചവടക്കാരന്‍റെ ഹർജി കോടതി അംഗീകരിച്ചു. ഐപിസി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റന്റതാണ് ഉത്തരവ്. രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് മോഷ്ടിച്ചത്.
തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ നൽകിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഒത്തുതീർപ്പിനെതിരായാണ് പോലീസ് നിലപാട് എടുത്തത്. ഒത്തുതീര്‍പ്പാക്കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതി പോലീസുകാരനെന്നതു ഗൗരവതരമായ വസ്തുതയാണെന്നും പോലീസ് പറയുന്നു.