തൃശൂര്‍: നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നിര്‍മ്മാതാവ് എ കെ സുനിൽ. യുവതിയുടെ പരാതിയിൽ നിവിൻ പോളിക്ക് പുറമെ എ.കെ സുനിൽ അടക്കം ആറു പേരെയാണ് പോലീസ് പ്രതിചേർത്തത്. താൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പോലീസ് കേസിനെ നിയമപരമായി നേരിടുമെന്നും മറ്റു ലക്ഷ്യങ്ങളോടെയാണ് പരാതിയെന്നും എ കെ സുനില്‍ വ്യക്തമാക്കി. വ്യാജ പരാതിയാണ് നൽകിയിട്ടുള്ളത്. നിവിൻ പോളിക്ക് അവരെ പരിചയപ്പെടുത്താൻ മാത്രം അവര്‍ സെലിബ്രിറ്റിയാണോയെന്നും എ കെ സുനില്‍ ചോദിച്ചു. നിവിൻ പോളിയെ അവര്‍ക്ക് പരിചയപ്പെടുത്തികൊടുത്തിട്ടില്ല. വ്യാജ പരാതി നല്‍കുന്നവരെ ശിക്ഷിക്കണം. അത് നിയമനടപടിയിലൂടെ സാധിക്കൂ. അധികം സമയം എടുക്കാതെ അതില്‍ ഒരു തീരുമാനം ഉണ്ടാകണം.
നിവിൻ പോളിയെ എന്തിനുവേണ്ടി ഇവർക്ക് പരിചയപ്പെടുത്തി കൊടുക്കണം. എന്താണ് അതിന്റെ സാഹചര്യമെന്ന് അറിയില്ല. അവര് പറയുന്നത് എല്ലാം കളവാണ്. നേരത്തെ ഇവര്‍ നല്‍കിയ പരാതി പോലീസ് അന്വേഷിച്ച് കളവാണെന്ന് വ്യക്തമായതായിട്ടാണ് അറിവ്. ഇപ്പോള്‍ വന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എ കെ സുനില്‍ പറഞ്ഞു. അതേസമയം ആരോപണത്തിൽ സത്യമില്ലെന്ന് നിവിൻ പോളിയുമായി ദുബായിൽവെച്ച് കൂടിക്കാഴ്ച നടത്തിയ റാഫേലും പറഞ്ഞിരുന്നു. നിര്‍മാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയതെന്നാണ് പരാതിക്കാരിയുടെ ആരോപണം. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയതാണ്. ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നുമാണ് പരാതിക്കാരി പറഞ്ഞത്.
പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിൽ ആറാം പ്രതിയാക്കിയാണ് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്. ആരോപണം നിവിൻ പോളി നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളിപറഞ്ഞു.