തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനും ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയും ആയിരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റൽ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആരംഭിക്കുന്ന ഒരു പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടപ്പിലാക്കിയ മറ്റ് പദ്ധതികള്‍ക്ക് പുറമെ അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികള്‍ക്കുമായി മാത്രമായി 37.80 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമാണ് ഇന്ന് സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കാണുന്നത്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന അതിപ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്തതിന്‍റെ ഭാഗമായാണ് 2016-ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിഭാവനം ചെയ്തതും സംസ്ഥാനത്തെ ഭൂരിഭാഗം പൊതുവിദ്യാലങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതും. ഈ ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പാഠ്യപദ്ധതിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഇതിന്റെ ഭാഗമായി ആണ് പുരോഗമിക്കുന്നത്. ഇതിന്റെ തുടർച്ചയായി ജില്ലാതലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും സ്കൂൾ തലങ്ങളിലും ശില്പശാലകളും ചർച്ചകളും സംഘടിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ ശില്പശാലകളിൽ പങ്കെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.