ദില്ലി : ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ നാളെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു. ഡിസിസികളുടെ നേതൃത്വത്തിൽ വൈകുന്നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അമിത് ഷായുടെ കോലം കത്തിക്കും. “അംബേദ്കർ, അംബേദ്കർ, അംബേദ്കർ…എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവർക്ക് സ്വർഗത്തില്‍ ഇടം ലഭിക്കുമായിരുന്നു” എന്ന അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത പ്രകടമായി. ഡോ. അംബേദ്കറുടെ സംഭാവനകൾ പൂർണമായും മായ്ച്ചുകളഞ്ഞ് ചരിത്രം വളച്ചൊടിക്കാനാണ് അമിത് ഷായും ബിജെപിയും ശ്രമിക്കുന്നതെന്നും എം. ലിജു പറഞ്ഞു.
അതേസമയം ഡോക്ടർ ബിആർ അംബേദ്കറിനെ അപമാനിച്ചുവെന്ന ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി. തന്റെ പ്രസംഗത്തെ കോൺഗ്രസ് വളച്ചൊടിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണെന്നും കോൺഗ്രസ് ഭരണഘടന വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ വിമർശിച്ചു. രണ്ടു തെരഞ്ഞെടുപ്പുകളിൽ അംബേദ്കറിനെ തോൽപ്പിക്കാനുള്ള ഒരു വഴിയും കോൺഗ്രസ് പാഴാക്കിയില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കറിന് ഭാരതരത്നം നൽകിയില്ല. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴാണ് അംബേദ്കറിന് ഭാരതരത്നം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന് അംബേദ്കറിനോട് വെറുപ്പായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നെഹ്റുവിന്റെ പുസ്തകങ്ങളിൽ തന്നെ അത് വ്യക്തമാണ്. നെഹ്റുവിന്റെയും ഇന്ദിരയുടെയും സഞ്ജയ് ഗാന്ധിയുടെയും സ്മാരകങ്ങൾ നിർമ്മിച്ചവർ അംബേദ്കറിന്റെ സ്മാരകം നിർമ്മിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.