റാന്നി: അത്തിക്കയം – കടുമീൻചിറ റോഡിലെ പഴയ പാലം പൊളിച്ച് പുതിയ പാലത്തിൻ്റെ നിർമ്മാണം അടുത്ത ആഴ്ച മുതൽ ആരംഭിക്കും. പാലം അപകടാവസ്ഥയിൽ ആയതിനാല്‍ ഇതുവഴിയുള്ള യാത്ര നിരോധിച്ചിരുന്നു. പാലത്തിൻ്റെ അടിത്തറ ഇളകാത്ത ഭാഗത്തുകൂടി ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും കടന്നു പോകാം. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയാണ് റോഡിനും പുതിയ പാലം നിർമ്മാണത്തിനും കൂടി അനുവദിച്ചിരിക്കുന്നത്. 1.8 കി.മീ ദൂരമുള്ള കടുമീൻചിറ റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഇനി അടുത്തത് പാലത്തിൻ്റെ നിർമ്മാണമാണ് നടക്കേണ്ടിയിരുന്നത്. ഇതിനിടയിലാണ് പഴയ പാലത്തിന് ബലക്ഷയം കണ്ടത്. കരണംകുത്തി തോടിന് കുറുകെ അത്തിക്കയം ടൗണിനോട് ചേർന്നുള്ള പാലത്തിൻ്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.
പാലം ഏതു നിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. അത്തിക്കയം ടൗണിൽ നിന്നും നാറാണംമൂഴി സഹകരണ ബാങ്ക്, സ്വകാര്യ ആശുപത്രി, രണ്ടു പ്രധാന സ്കൂളുകൾ, കടുമീൻചിറ ശിവ ക്ഷേത്രം, എസ്.എന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലെ പാലത്തിനാണ് ഈ ദുരവസ്ഥ. പാതയുടെ ബാക്കി ഭാഗങ്ങൾ കോൺക്രീറ്റിങ് കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായതാണ്. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ട് കരാറുകാരനെയും റീബില്‍ഡ് അധികൃതരെയും തിരുവനന്തപുരത്ത് വിളിച്ചുവരുത്തി യോഗം നടത്തിയാണ് അടുത്താഴ്ച മുതൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ തീരുമാനമായത്.