കൊച്ചി : നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിൽ. ഒരു ചാക്ക് സിമന്റിന് 480 രൂപ വരെയും ടി.എം.ടി കമ്പിക്ക് കിലോയ്ക്ക് 85 രൂപ വരെയും വില എത്തിയതോടെ വീടുനിർമാണമടക്കം ചെറുകിട നിർമാണ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലായി. ഇതിന് പിന്നാലെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള നിർമാണ സാമഗ്രികളുടെ വരവും നിലച്ചത് തിരിച്ചടിയായി. ആഭ്യന്തര വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണമാണ് കേരളത്തിലേക്കുള്ള പാറക്കല്ല്, എം സാൻഡ്, മെറ്റൽ, ബ്രേക്കഡ് സ്റ്റോൺ, റോഡ് നിർമാണ സാമഗ്രികൾ എന്നിവയുടെ വരവ് തടസ്സപ്പെടുത്തിയത്. ജൂലൈ അവസാനം ആരംഭിച്ച നിയന്ത്രണം മൂന്ന് മാസം തുടരുമെന്നാണ് വിവരം.
ഒരാഴ്ചയ്ക്കിടെ വിവിധ കമ്പനികളുടെ സിമന്റ് വിലയിൽ 10 മുതൽ 15 രൂപ വരെയാണ് വർധനയുണ്ടായത്. മലബാർ സിമന്റിന്റെ മൊത്തവ്യാപാര വില ചാക്കിന് 300 രൂപയാണ്. ചില്ലറ വിപണിയിലെത്തുമ്പോൾ വില 350 രൂപയാകും. കഴിഞ്ഞ ദിവസം മാത്രം അഞ്ച് രൂപയുടെ വർധനയുണ്ടായി. അൾട്രാടെക്, ശങ്കർ, റാംകോ തുടങ്ങിയ സ്വകാര്യ ബ്രാൻഡുകളുടെ സിമന്റിന് നിലവിൽ 380 മുതൽ 480 രൂപ വരെയാണ് വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 68 രൂപയായിരുന്ന ടി.എം.ടി കമ്പിയുടെ വില ഇപ്പോൾ 85 രൂപയിലെത്തി. ബ്രാൻഡഡ് അല്ലാത്ത കമ്പിയുടെ വിലയും കിലോയ്ക്ക് 63 രൂപയിൽനിന്ന് 70 രൂപയായി ഉയർന്നു.
എം സാൻഡിന്റെ ഒരു ലോഡിന് 5,400 മുതൽ 5,700 രൂപ വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. നേരത്തെ ഇത് 5,000 രൂപയായിരുന്നു. പാറയുടെ വില ലോഡിന് 4,000 രൂപയിൽനിന്ന് 4,500 രൂപയായി ഉയർന്നു. മെറ്റലിന് 4,700 രൂപയിൽനിന്ന് 5,200 രൂപയായും വില വർധിച്ചു. സിമന്റ് കട്ടയുടെ വിലയും ഉയർന്നു. 36 രൂപയായിരുന്ന ഒരു കട്ടയ്ക്ക് ഇപ്പോൾ 40 രൂപയാണ് വില. ചെങ്കല്ലിന് ഒരെണ്ണത്തിന് ഒമ്പത് രൂപയാണ് വിലയെങ്കിലും ഉത്പാദനം കുറഞ്ഞതോടെ കടുത്ത ക്ഷാമമാണ് നേരിടുന്നത്.






























