കൊച്ചി: ‘മെയ്‌ക്ക് ഇൻ ഇന്ത്യ” പദ്ധതിയിൽ ‘മെയ്ഡ് ഇൻ കേരള”യുടെ സംഭാവന വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈഡോക്ക്, എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചു.ചന്ദ്രയാൻ മൂന്നിലെ 41 ഇലക്ട്രോണിക് മൊഡ്യൂളുകളും ആദിത്യ വിക്ഷേപിച്ച റോക്കറ്റിലെ 38 ഇലക്ട്രാേണിക് മൊഡ്യൂളുകളും കെൽട്രാേണിലാണ് നിർമ്മിച്ചത്. കെ.എം.എം.എല്ലിലെ ടൈറ്റാനിയം സ്‌പോഞ്ച് കൊണ്ടുള്ള അലോയ്‌കളിലാണ് ബഹിരാകാശ പേടകത്തിലെ പ്രധാന ഘടകങ്ങൾ നിർമ്മിച്ചത്.
സ്റ്റീൽ ആൻഡ് ഫോർജിംഗ്‌സ്, ടി.സി.സി, കെ.എ.എൽ, സിഡ്‌കോ എന്നിവയും വലിയ സംഭാവനകൾ നല്കി. കൊച്ചി വാട്ടർ മെട്രോയ്ക്കായി കപ്പൽശാല നിർമ്മിക്കുന്ന പ്രകൃതി സൗഹൃദ ബോട്ടുകൾക്കായി ഇതര സംസ്ഥാനങ്ങളും എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.