പത്തനംതിട്ട : സാധാരണക്കാരുടെ എല്ലാക്കാലത്തേയും അത്താണിയായ സഹകരണ സംഘങ്ങൾ കൊള്ളയടിച്ച് സി.പി.എം പാർട്ടിയും നേതാക്കളും അതിനെ കറവപശുവാക്കി തടിച്ചു കൊഴുത്തതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച മന്ത്രിതല ചർച്ചയിലെ വാഗ്ദാന ലംഘനങ്ങൾക്കെതിരെ കേരളാ ബാങ്ക് എംപ്ളോയീസ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കേരളാ ബാങ്കിനു മുമ്പിൽ നടത്തിയ കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല നിലയിൽ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ജില്ലാ സഹകരണ ബാങ്കുകളെ കേരളാ ബാങ്കിൽ ലയിപ്പിച്ച സംസ്ഥാന സർക്കാരും സഹകരണ വകുപ്പ് എന്താണെന്നറിയാത്ത വകുപ്പ് മന്ത്രിയും കേരള ബാങ്കിന്റെ ആരാച്ചാർമാർ ആയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കേരളാ ബാങ്ക് ജീവനക്കാരുടെ ന്യായമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ നടത്തുന്ന സമരത്തിന് കോൺഗ്രസ് പാർട്ടി എല്ലാ പിൻതുണയും നല്കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപമ്പിൽ പറഞ്ഞു. കെ.ബി.ഇ.സി ജില്ലാ പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കെ.ബി.ഇ.സി ഭാരവാഹികളായ കെ.ജി അജിത്കുമാർ, മണ്ണടി പരമേശ്വരൻ, ജി.അജികുമാർ, ജെയിംസ് വിതയത്തിൽ, ജോൺ മത്തായി, ജയവിത്സൺ, അഭിനവ് വിക്രമൻ, പി.പി.ഷാജഹാൻ, കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.