മൈലപ്രാ : സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് സമാപനം കുറിച്ച് നടന്ന ചെമ്പെടുപ്പ് റാസ മൈലപ്രാ ദേശത്തിന് ഭക്തിയുടെ പ്രഭ ചൊരിഞ്ഞു. ഗീവറുഗീസ് സഹദായുടെ ചൈതന്യവും ശക്തിയും പകരുന്ന ആഘോഷനിറവിലാണ് റാസ നടന്നത്. രാവിലെ നടന്ന പെരുന്നാൾ കുർബ്ബാന, പകൽ റാസ എന്നിവയ്ക്ക് ഡോ. ഗീവർഗ്ഗീസ് മാർ തെയോഫീപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വവും ഹബീബ് റമ്പാൻ, നഥാനിയേൽ റമ്പാൻ എന്നിവർ സഹകാർമ്മികത്വവും വഹിച്ചു.
വികാരി ഫാ.തോമസ് കെ.ചാക്കോ, അസിസ്റ്റന്റ് വികാരി ഫാ. റിജോ സണ്ണി വർഗീസ് എന്നിവർ പ്രാർത്ഥിച്ച് സ്ലീബ അടയാളപ്പെടുത്തിയതോടെ ”ഹോയ് ….. ഹോയ് …… ” വിളികളുമായി വിശ്വാസികൾ ചെമ്പെടുത്തു. പകൽ റാസയ്ക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും മാറ്റ്കൂട്ടി. ചെമ്പിൽ തൊട്ടുതൊഴുന്നതിനായി ആയിരകണക്കിന് വിശ്വാസികൾ തിക്കും തിരക്കും കൂട്ടി. ആയിരക്കണക്കിന് വിശ്വാസികൾ വെച്ചൂട്ടിലും പങ്കാളികളായി. ഫാ. രാജു ഡാനിയേൽ, ഫാ. അനിൽ വർഗീസ്, ഇടവക ട്രസ്റ്റി കെ.കെ.മാത്യു, ഇടവക സെക്രട്ടറി ആകാശ് മാത്യു വർഗീസ്, ജനറൽ കൺവീനർ ബിജു ശാമുവേൽ, കൺവീനേഴ്സ് ലിന്റോ എം.ജോർജ്, പ്രിൻസ് പി. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.