പത്തനംതിട്ട : കൈപ്പട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 2023 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ മെഡിക്കല്‍ സ്റ്റോറിന്‍റെ മറവിലൂടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കാത്ത നടപടി മുന്‍കാലത്ത് ഭരണത്തില്‍ ഇരുന്ന ആളുകളെ രക്ഷിക്കുന്നതിനുള്ള ഉദ്യോഗസ്ഥ-ഭരണസമിതി അംഗങ്ങളുടെ രഹസ്യ ധാരണയാണെന്ന് യു.ഡി.എഫ് ബോര്‍ഡ് അംഗങ്ങളായ സജി കൊട്ടയ്ക്കാട്, പ്രൊഫ. ജി. ജോണ്‍, ലിസിമോള്‍ ജോസഫ്, കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കുന്നവരെ എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി ഭരണകക്ഷിയായ ഇടത് മുന്നണിയുടെ സഹായത്തോടെയാണ്. 28 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്ന് പറയുകയും 16 ലക്ഷം രൂപയും പലിശയും തിരിച്ചടച്ചുവെന്നുപറഞ്ഞുകൊണ്ട് ഒരു നടപടിയുമെടുക്കാത്തതും 9 മാസക്കാലമായി ക്രമക്കേട് നടത്തിയിട്ടും അതെല്ലാം മറച്ചുവെക്കുവാന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാതെ റിട്ടയര്‍ ചെയ്യാന്‍ സാവകാശം കൊടുക്കുന്നതും ഭരണം നടത്തുന്നവര്‍ക്ക് ഇതില്‍ പങ്കുള്ളതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.
ക്രമക്കേട് നടന്ന കാലത്തെ പ്രസിഡന്‍റിനെയും ഭരണസമിതി അംഗങ്ങളെതന്നെയും അഴിമതി അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയ ഇപ്പോഴത്തെ ഭരണസമിതിയുടെ തീരുമാനം എല്ലാവരുടെയും പങ്ക് തേച്ചുമായ്ച്ചു കളയുന്നതിനു വേണ്ടിയാണ്. യു.ഡി.എഫിന്‍റെ ബോര്‍ഡ് മെമ്പന്മാര്‍ക്ക് മിനിറ്റ്സ് ബുക്ക് പോലും പരിശോധിക്കന്‍ അവകാശമില്ലെന്ന ബാങ്ക് പ്രസിഡന്‍റിന്‍റെ നിലപാട് ബാങ്കില്‍ നടത്തിയ അഴിമതികള്‍ പുറത്തു വരരുതെന്ന് കരുതി മറച്ചുവെക്കുവാന്‍ വേണ്ടിയാണ്. സഹകാരികളുടെയും ബാങ്കിന്‍റെയും താല്‍പര്യം സംരക്ഷിക്കുകയല്ല എല്ലാ സഹകരണ സംഘത്തിലും നടത്തിയതുപോലെ ഇടതുമുന്നണിയുടെ ലക്ഷ്യം കൊള്ളതന്നെയാണ് കൈപ്പട്ടൂര്‍ സഹകരണ ബാങ്കിലും ലക്ഷ്യം വെക്കുന്നത്. വ്യാപകമായ പരാതികള്‍ സഹകരണ ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കിയിട്ടുള്ളപ്പോഴും യാതൊരന്വേഷണവും നടത്താത്തത് ഭരണ സ്വാധീനം കൊണ്ടാണ്. അതിന്‍റെ വ്യക്തമായ തെളിവാണ് ഇതിന് നേതൃത്വം നല്‍കിയ ഒരു കൂട്ടം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സഹകരണ വകുപ്പിന്‍റെ നിലപാടെന്നും യു.ഡി.എഫ് ഭരണസമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി.