ദില്ലി : കൊവിഡ് സാഹചര്യത്തിൽ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു. കൊവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധ വാക്സീൻ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുമ്പോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 577 കുട്ടികൾ അനാഥരായെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 577 കുട്ടികളുടെ രക്ഷിതാക്കൾ രോഗബാധിതരായി മരിച്ചെന്നാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നത്. 55 ദിവസത്തിനിടെയുളള കണക്കാണിത്. രാജ്യത്ത് 2.08 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് രാവിലെ പുറത്തുവന്ന വിവരം. ഇരുപത്തിനാല് മണിക്കൂറിനിടെ 4157 പേർ കൊവിഡ് മൂലം മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.