ഡൽഹി: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള വികസ്വര രാജ്യം എന്ന നിലയിൽ ഇന്ത്യയ്‌ക്ക് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ. അനധികൃത കുടിയേറ്റവും റോഹിങ്ക്യൻ അഭയാർത്ഥികളും രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് കോടതിയെ അറിയിച്ചു.വിദേശി നിയമം ലംഘിച്ചുവെന്നാരോപിച്ച് തടങ്കലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ളതും, പരിമിതമായ വിഭവങ്ങളുള്ളതുമായ ഒരു വികസ്വര രാജ്യമാണ് ഇന്ത്യ. രാജ്യത്തിന് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ട്. അതിനാൽ, വിദേശികളെ അഭയാർഥികളായി അംഗീകരിക്കാൻ കഴിയില്ല എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.
1951 ലെ അഭയാർത്ഥി കൺവെൻഷനിലും 1967 ലെ അഭയാർത്ഥികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഏതെങ്കിലും വിഭാഗം ആളുകളെ അഭയാർത്ഥികളായി അംഗീകരിക്കണമോ ഇല്ലയോ എന്നത് നയപരമായ തീരുമാനമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.