അടൂർ : കാഴ്ചമറയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾകൊണ്ട് അടൂർ നഗരം നിറഞ്ഞിരിക്കുകയാണ്. പരിപാടികൾ കഴിഞ്ഞതുമുതൽ നൂറിലേറെ ഫ്ലക്സുകളാണ് അടൂർ കെ.എസ്.ആർ.ടി.സി.ജംഗ്ഷന്‍ മുതൽ കരുവാറ്റ ഭാഗം വരെയുള്ളത്. ഇതിൽ പലതും റോഡിലേക്ക് ചാഞ്ഞും വീണുമൊക്കെ കിടക്കുകയാണ്. പല വാഹന െെഡ്രവർമാരും അടുത്തുവന്ന ശേഷമാണ് താഴെക്കിടക്കുന്ന ഫ്ലക്സ് ബോർഡുകൾ കാണുന്നത്. പരിപാടി കഴിഞ്ഞാൽ ആരും ബോർഡുകൾ നീക്കാത്തതാണ് പ്രധാന പ്രശ്നം. കാൽ നടയാത്രക്കാർക്കും ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യണമെന്ന ഹൈക്കോടതിയുടെ നിർദേശമാണ് അടൂരിൽ അട്ടിമറിക്കപ്പെടുന്നതെന്ന് ആക്ഷേപമുണ്ട്.
ഒട്ടേറെ തവണ കോടതിയും സർക്കാരും അപകടകരമായ ഇത് മാറ്റണമെന്ന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും അടൂർ നഗരസഭ ഇത് പാലിക്കുന്നത് കുറവാണ്. 2023-ൽ ഓഗസ്റ്റ് ആദ്യം തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിമാർക്ക് ഫ്ലക്സ് ബോർഡുകളും അതുപോലുള്ള മറ്റു സംവിധാനങ്ങളും മാറ്റുന്നത് സംബന്ധിച്ച് മാർഗനിർദേശം ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായി വളരെ കുറച്ച് ഫ്ലക്സ് ബോർഡുകൾ മാത്രമാണ് അന്ന് അടൂരിൽ നീക്കിയത്. പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കോടിതോരണങ്ങൾ എന്നിവ നീക്കംചെയ്യണമെന്ന് ഹൈക്കോടതി അടുത്ത സമയത്തും സർക്കാരിന് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ അടിസ്ഥാനത്തിൽ റോഡൽ ഓഫീസർമാരേയും സർക്കാർ നിയമിച്ചിട്ടുണ്ട്. 2007-ലെ കേരള റോഡ് സേഫ്റ്റി അതോറിറ്റി ആക്ടിലെ സെക്ഷൻ 14 പ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണം. പാതയോരങ്ങൾ, റോഡുകളുടെ മീഡിയൻ, ട്രാഫിക് ഐലൻഡ് എന്നിവിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതും കാഴ്ചതടസ്സപ്പെത്തുന്നതും അപകടകാരണങ്ങളായ കമാനങ്ങൾ, കൊടിക്കൂറകൾ, പ്രദർശന ബോർഡുകൾ, ഫ്ലക്സുകൾ, കൊടിമരങ്ങൾ എന്നിവ നീക്കംചെയ്യണമെന്നാണ് നിർദേശം.