ന്യൂഡൽഹി : വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാൽ ലൈംഗികപീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വിവാദ ഉത്തരവിന്റെ ആനുകൂല്യം ലഭിച്ച പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. ലൈംഗിക ഉദ്ദേശ്യത്തോടെ തൊടുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി അറിയിച്ചു. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ ഉത്തരവിട്ടത്. ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
സെഷന്‍സ് കോടതി കുറ്റക്കാരനായി കണ്ടെത്തിയ പ്രതി ലിബ്‌നുസ് കുജുര്‍ (50) നല്‍കിയ ഹര്‍ജിയിലാണ് അതീവ ഗൗരവകരമായ നിരീക്ഷണം കോടതി നടത്തിയത്. ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരം ലിബ്‌നുസ് കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ലൈംഗികമായി പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്കു വന്നതെന്നു പ്രോസിക്യൂഷന്‍ പറയുന്നതിനു തെളിവില്ലെന്നാണു ജസ്റ്റിസ് പുഷ്പ ഗനേഡിവാല പറഞ്ഞത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശാരീരിക ബന്ധം ഉണ്ടായെന്നതു തെളിയിക്കാനായില്ലെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്നാണ് പ്രതിക്ക് ജാമ്യം നൽകിയത്.