തിരുവനന്തപുരം: ഏക സിവിൽകോഡിലെ സി.പി.എം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതടക്കമുള്ള കാര്യങ്ങളിൽ സിപിഐയ്ക്ക് അതൃപ്തി. നിയമത്തിന്റെ കരട് പോലും ആകുന്നതിന് മുമ്പ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയുണ്ടാക്കുന്നതിലും സി.പി.ഐക്ക് എതിർപ്പുണ്ട്. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗങ്ങളിൽ ഏക സിവിൽകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.പി.ഐ ചർച്ച ചെയ്യും. സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരി കൊണ്ടത്. സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിട്ടും ചർച്ചകൾ അവസാനിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്ത് സമീപകാലത്ത് ഉണ്ടായ വലിയ രാഷ്ട്രീയ ചർച്ചയിൽ സി.പി.ഐ ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.
നിലവിലെ ചർച്ചകളിൽ സി.പി.ഐയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. സംസ്ഥാനം ഭരിക്കുന്ന പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയായ ലീഗിനെ ക്ഷണിച്ചതിലും അത് വലിയ ചർച്ചയാക്കി മാറ്റിയതിലും സി.പി.ഐക്ക് അതൃപ്തിയുണ്ട്. മാത്രമല്ല കരട് പോലും ആകാത്ത ഒരു നിയമത്തിന്റെ പേരിൽ വലിയ രാഷ്ട്രീയ കോലാഹലം ഇപ്പോൾ സൃഷ്ടിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായവും സി.പി.ഐക്കുണ്ട്.