തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കിനാലൂരിൽ എംയിസിന് സ്ഥലം ഏറ്റെടുത്തിട്ടും അതിനെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ പ്രതിഷേധസംഗമം ഇന്ന് നടക്കും. വൈകീട്ട് നാലിന് മുതലക്കുളത്ത് ചേരുന്ന സംഗമം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വിപുലമായ സൗകര്യങ്ങളോടെ എയിംസ് കിനാലൂരിൽ സ്ഥാപിക്കുന്നതിനുള്ള ഭൂമി കണ്ടെത്തിയത്. ഇപ്പോൾ സ്ഥലം മാറ്റാനുള്ള നീക്കം കോഴിക്കോടിനോടും മലബാറിനോടുമുള്ള അവഗണനയും നിക്ഷിപ്തതാൽപ്പര്യങ്ങളും മൂലമാണ്. മുൻ സർക്കാരിന്റെ നിരന്തരമായ സമ്മർദത്തിന്റെ ഫലമായാണ് കേന്ദ്ര ആരോഗ്യവകുപ്പ് എയിംസ് അനുവദിക്കാമെന്നും അതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും സംസ്ഥാനത്തെ അറിയിച്ചത്.
അതനുസരിച്ചാണ് കിനാലൂരിൽ 252 ഏക്കർ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാരിനെ രേഖാമൂലം അറിയിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനെയും കരിപ്പൂർ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് സൗകര്യവുമുണ്ടെന്ന് അറിയിക്കുകയും നടപടികൾ പൂർത്തീകരിച്ചതുമാണ്. വ്യവസായവികസന കോർപറേഷന്റെ കൈവശമുള്ള ഭൂമിയിലെ 151.52 ഏക്കറാണ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് പ്രത്യേക ഉത്തരവ് പ്രകാരം കൈമാറിയത്. ഇതിനോട് ചേർന്നുകിടക്കുന്ന സ്വകാര്യവ്യക്തികളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയും തുടങ്ങി. ഇതോടെ 100 ഏക്കർകൂടി മെഡിക്കൽ വിദ്യാഭ്യാസ ബോർഡിന് കൈമാറാനാവും. എല്ലാ നടപടിക്രമങ്ങളും നീങ്ങിക്കഴിഞ്ഞിട്ടും എയിംസ് കോഴിക്കോടിന് നഷ്ടപ്പെടുത്തുന്ന തരത്തിൽ ആലോചന നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. നിർദിഷ്ട എയിംസ് മാറ്റാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിൽ എല്ലാ ജനവിഭാഗങ്ങളും അണിനിരക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.






























