കാത്സ്യവും വിറ്റാമിനും ധാരാളമടങ്ങിയ ചൈനീസ് കാബേജ് കലോറി കുറഞ്ഞ ഒരു ഇലവര്‍ഗ്ഗമാണ്. ആന്‍റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഈ കാബേജ് ചര്‍മ്മത്തിനും, ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ഇന്ത്യയിലും വളരുന്ന ഈ പച്ചക്കറി തണുപ്പുകാലത്ത് വളര്‍ത്തി വിളവെടുക്കുന്നതാണ്. ചൈനീസ് കാബേജ് സൂപ്പിലും സാലഡിലും ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ കറിയിലും ചട്‍ണിയിലും കൂടാതെ വറുത്തും ഉപയോഗിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ ഡിമാന്‍റുള്ള പച്ചക്കറിയായതിനാല്‍ വ്യാവസായികമായ ഉൽപ്പാദനം വരുമാനം നേടിക്കൊടുക്കുന്നു.
15 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയുള്ള സ്ഥലത്താണ് ചൈനീസ് കാബേജ് നന്നായി വളരുന്നത്. വിത്ത് മുളപ്പിച്ചാണ് തൈകളുണ്ടാക്കുന്നത്. നഴ്സറിയിൽ നിന്ന് വാങ്ങിയ വിത്ത് മുളപ്പിച്ച ശേഷം കൃഷിയിടത്തിലേക്ക് മാറ്റിനടാവുന്നതാണ്. കൃഷിഭൂമിയില്‍ തടമെടുത്ത് നേരിട്ടും വിത്ത് വിതറാം. വിത്തുകള്‍ രണ്ടു സെ.മീ അകലത്തിലായാണ് വിതയ്‌ക്കേണ്ടത്. ട്രേകളിലാണ് ചൈനീസ് കാബേജ് വിത്തുകള്‍ മുളപ്പിക്കുന്നതെങ്കില്‍ 125 തൈകള്‍ വരെ നഴ്‌സറിയില്‍ വളര്‍ത്താം. രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം ഏകദേശം 16 സെ.മീ നീളത്തില്‍ വളരുമ്പോള്‍ തൈകള്‍ മാറ്റിനടാം.