നയ്പിഡാവ്: മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരണം 1000 കടന്നു. ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പരിക്കേറ്റവരുടെ എണ്ണം 1000 ആയി. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ 10,000 കവിയുമെന്ന് ഒരു യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയുണ്ടായ ഭൂചലനം മ്യാൻമറിനെ അടിമുടി തകര്‍ത്തുകളഞ്ഞു. 900 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കിൽ പോലും അതിന്‍റെ ആഘാതം അനുഭവപ്പെട്ടു. രാജ്യത്തെ പ്രശസ്തമായ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നുതരിപ്പണമായി.
മേഘാലയ, മണിപ്പൂർ എന്നിവയുൾപ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും പ്രത്യേകിച്ച് ധാക്ക, ഛട്ടോഗ്രാം എന്നിവിടങ്ങളിലും ചൈനയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,002 ആയി ഉയർന്നതായും 2,376 പേർക്ക് പരിക്കേറ്റതായും മ്യാൻമര്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.