ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തന്‍റെ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സ്ത്രീ സമർപ്പിച്ച ഹരജിയിൽ സിജെപി പ്രവർത്തകർക്ക് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. സിജെപി പ്രതിഷേധത്തിനിടെ തന്‍റെ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവർക്കെതിരെ ജസ്റ്റിസ് ഗിരീഷ് കത്പാലിയ നോട്ടീസ് അയച്ചത്. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ഭീഷണികൾ നേരിടുന്നതായി കാണിച്ച് ഒരു യുവതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
എതിർകക്ഷികൾ നൽകുന്ന പ്രസക്തമായ വെബ് ലിങ്കുകൾ പരിശോധിച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മെറ്റയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൂർണ്ണമായ പോലീസ് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി ഡൽഹി പോലീസിന് നിർദ്ദേശം നൽകി. ഹർജിക്കാരിയുടെ വിലാസം രഹസ്യമായി സൂക്ഷിക്കണമെന്നും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമായി അത് കൈമാറണമെന്നും കോടതി വ്യക്തമാക്കി. കേസ് ഒക്ടോബർ 14-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.






























