വയനാട് : ചരിത്ര സത്യങ്ങളെ വക്രീകരിക്കാനും തമസ്‌കരിക്കാനുമുളള ഗൂഢ ശ്രമങ്ങളും, ചരിത്ര സ്മാരകങ്ങളേയും ചരിത്രം സൃഷ്ടിച്ചവരെയും അപഹസിക്കാനുള്ള നീക്കങ്ങളും നടക്കുമ്പോൾ യഥാർത്ഥ ചരിത്രത്തിന്റെ കാവലാളായിമാറുന്നു പുരാവസ്തു-പുരാരേഖ വകുപ്പെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ കുഞ്ഞോം പ്രദേശത്തെ പുരാതത്വ തെളിവുകൾ കണ്ടെത്തുകയും വിവരശേഖരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിപുലമായ പുരാതത്വ സർവേയുടെ ഉദ്ഘാടനം കുങ്കിച്ചിറ മ്യൂസിയം അങ്കണത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപ്രാധാന്യമുള്ള സ്മരാകങ്ങളും ശേഷിപ്പുകളും വരും തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്ന മഹനീയ ദൗത്യം നിർവ്വഹിക്കുന്ന സർക്കാർ വകുപ്പാണ് പുരാവസ്തു വകുപ്പ്. 192 ഓളം ചരിത്ര സ്മാരകങ്ങൾ വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളായുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ കുഞ്ഞോം പ്രദേശം സംസ്ഥാന പുരാവസ്തു വകുപ്പ് പുരാതത്വ പര്യവേഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് പ്രദേശത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം കൊണ്ട് സർവ്വേ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 7 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രധാനമായും ഉപരിതല സർവ്വേയാണ് ഇവിടെ നടത്തുന്നത്. പുരാവസ്തു വകുപ്പിലെ ജീവനക്കാർക്ക് പുറമെ ഗവേഷകർ, ചരിത്രകാരന്മാർ തുടങ്ങിയ വിദഗ്ധ അംഗങ്ങളും സർവ്വേയുടെ ഭാഗമാണ്. ഉണ്ണിയച്ചി ചരിതത്തിലെ തിരമരുതൂർ എന്ന അങ്ങാടി കേവലം സാങ്കൽപ്പികമാണോ അതോ അതിന് ചരിത്രപരമായ വാസ്തവമുണ്ടോ എന്ന് ശാസ്ത്രീയ പര്യവേഷണത്തിലൂടെ കണ്ടെത്തുക, പ്രദേശത്തെ പ്രാചീന പുരാവസ്തു ശേഷിപ്പുകൾ കണ്ടെത്തുയും അവ സമഗ്രമായി പരിശോധിച്ച് രേഖപ്പെടുത്തുക, കുഞ്ഞോം പ്രദേശത്തെ താഴ് വാരങ്ങളുമായി ബന്ധിപ്പിക്കുന്ന കച്ചവട പാതകൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുക, പ്രദേശത്തിന്റെ വിപുലമായ പുരാതത്വ സർവ്വേയും മാപ്പിംഗും നടത്തുക എന്നിവയാണ് സർവ്വേയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി, ഡോ. എം.ആർ രാഘവവാര്യർ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ. കെ. ശങ്കരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ താരേഷ്, വാർഡ് മെമ്പർമാരായ, പ്രീതരാമൻ, കെ. വി. ഗണേഷ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പുരാവസ്തു വകുപ്പ് ഫീൽഡ് അസിസ്റ്റന്റ് കെ കൃഷ്ണരാജ് , പ്രീയ രാജൻ, കുടുംബശ്രീ, സി ഡി. എസ് ചെയർപേഴ്‌സൺ ലത ബിജു എന്നിവർ പ്രസംഗിച്ചു.