റാന്നി : കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്‍കിയ ചാക്കോയുടെ സത്യ സന്ധതയ്ക്കു മുന്നില്‍ സുനിലിന്‍റെ വാക്കുകള്‍ ഇടറി. സുനിലിന്‍റെ ജീവിത മാര്‍ഗമായ ലൈസന്‍സും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. പറ്റിയ നഷ്ടമോര്‍ത്തു തളര്‍ന്നു നില്‍ക്കുമ്പോളാണ് ചാക്കോയുടെ ആശ്വാസ വിളി കാതില്‍ തേന്‍മഴയായി വീണത്.
മന്ദമരുതിയിലുള്ള തിരുവല്ലാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ പഴവങ്ങാടി പുന്നയ്ക്കാട്ട് തടത്തിൽ സുനിൽ തോമസിന് യാത്ര ചെയ്യുന്നതിനിടയിലാണ് പേഴ്സ് നഷ്ടപ്പെട്ടത്. ആശുപത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം സുനിൽ അറിയുന്നത്. ഈ സമയം ആശുപത്രിയിലെത്തിയ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ബിജി വർഗീസിനോട് വിവരം അറിയിച്ചു.
ഇവര്‍ ഉടൻ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സംഭവം പ്രചരിപ്പിക്കുകയും, സുനിൽ വന്ന വഴിയിൽ പലരെയും ഫോണിൽ വിളിച്ച് വിവരം പറയുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവിൽ ഈട്ടിചുവട് തേവർവേലിൽ റ്റി. ഇ. ചാക്കോയ്ക്ക് വഴിയില്‍ നിന്നും പേഴ്സ് കിട്ടി. ഉടൻ തന്നെ അദേഹം ബിജി വർഗീസിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു വാര്‍ഡംഗത്തിന്‍റെ സാന്നിധ്യത്തിൽ ചാക്കോ സുനിലിന് പേഴ്സ് കൈമാറുകയും ചെയ്തു.