കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മനാഫ് ഉറപ്പ് നല്‍കി. ഇരു കുടുംബാംഗങ്ങളേയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചര്‍ച്ചയെതുടര്‍ന്നാണ് പ്രശ്‌നം രമ്യമായി പരിഹരിച്ചിരിക്കുന്നത്. മനാഫിനൊപ്പം കുടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുള്‍ വാലി, സാജിദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അര്‍ജ്ജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരന്‍ അഭിജിത്, സഹോദരീ ഭര്‍ത്താവ് ജിതിന്‍, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു.
നേരത്തെ മനാഫിനെതിരേ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉയര്‍ത്തിയത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണംചെയ്യുകയായിരുന്നെന്നും അര്‍ജുന്റെപേരില്‍ പലകോണുകളില്‍നിന്നും മനാഫ് ഫണ്ടുപിരിവ് നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്റെ പേരില്‍ ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്ന് മനാഫ് വിശദീകരിച്ചിരുന്നു. സ്വത്തും മുതലും വിറ്റാണ് എല്ലാംചെയ്തത്.പണപ്പിരിവ് നടത്തിയതിന് കുടുംബം തെളിവുകൊണ്ടുവന്നാല്‍ ഞാന്‍ മാനാഞ്ചിറ മൈതാനത്ത് വന്നുനില്‍ക്കും. എറിഞ്ഞുകൊന്നോളൂവെന്നും മനാഫ് പറഞ്ഞിരുന്നു.